PSC Degree Level Exam: ബിരുദതല പ്രാഥമിക പരീക്ഷ കഴിഞ്ഞു; എഴുതിയത് എത്രപേര്‍; കട്ടോഫ് എത്ര?
PSC Degree Level Exam 2025 Analysis: പ്രിലിമിനറിയില്‍ ജയിച്ചവര്‍ക്ക് സെപ്തംബര്‍ 12 മുതല്‍ അഡ്മിറ്റ് കാര്‍ഡ് പിഎസ്‌സിയിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മുഖ്യപരീക്ഷ സെപ്തംബറില്‍ നടക്കുന്നതിനാല്‍ പ്രിലിമിനറിയുടെ ഫലപ്രഖ്യാപനവും ഉടനെ പ്രതീക്ഷിക്കാം

പ്രതീകാത്മക ചിത്രം
കേരള പിഎസ്‌സി നടത്തിയ ബിരുദതല പൊതുപ്രാഥമിക പരീക്ഷ പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ആദ്യ ഘട്ട പരീക്ഷ മെയ് 24നും, രണ്ടാമത്തേത് ജൂണ്‍ 28നുമാണ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ അഡ്മിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ 61 ശതമാനം പേര്‍ പരീക്ഷ എഴുതി. രണ്ടാം ഘട്ടത്തില്‍ 62.32 ശതമാനം പേരാണ് എഴുതിയത്. അഡ്മിറ്റ് ചെയ്തവരില്‍ നിരവധി പേര്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന് കൂടി വ്യക്തമാക്കുന്ന കണക്കുകളാണിത്.
രണ്ട് ഘട്ടങ്ങളും തമ്മില്‍ വലിയ അന്തരങ്ങളുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ആദ്യ ഘട്ടമായിരുന്നു താരതമ്യേന കടുപ്പമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രണ്ടാം ഘട്ടം എളുപ്പമായിരുന്നുവെന്നും പറയാനാകില്ല. ആദ്യ ഘട്ടത്തെ, അപേക്ഷിച്ച് അല്‍പം മെച്ചപ്പെട്ടതായിരുന്നുവെന്ന് മാത്രം. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ നോര്‍മലൈസേഷനുണ്ടാകാനാണ് സാധ്യത. കട്ടോഫ് എത്രയായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യം. എന്തായാലും പ്രിലിമിനറി പരീക്ഷയായതിനാല്‍ 60-ല്‍ താഴെ വരാനാണ് സാധ്യത.
ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതില്‍ വളരെ കുറവുമാകാം കട്ടോഫ്. അതുകൊണ്ട് കട്ടോഫിനെക്കുറിച്ച് ചിന്തിക്കാതെ മെയിന്‍ പരീക്ഷയ്ക്ക് എത്രയും വേഗം തയ്യാറെടുപ്പ് ആരംഭിക്കുന്നതാണ് ഉചിതം. മെയിന്‍ പരീക്ഷയ്ക്ക് ഇനി മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ സെപ്തംബര്‍ 27ന് നടക്കും.
പ്രിലിമിനറിയില്‍ ജയിച്ചവര്‍ക്ക് സെപ്തംബര്‍ 12 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മുഖ്യപരീക്ഷ സെപ്തംബറില്‍ നടക്കുന്നതിനാല്‍ പ്രിലിമിനറിയുടെ ഫലപ്രഖ്യാപനവും ഉടനെ പ്രതീക്ഷിക്കാം.
അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലെ മുഖ്യപരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാകും. സിലബസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുഖ്യപരീഷയ്ക്ക് ശേഷം അഭിമുഖവുമുണ്ടാകും. ഇതിന് ശേഷം റാങ്ക് ലിസ്റ്റിലേക്കുള്ള നടപടിക്രമങ്ങളിലേക്ക് പിഎസ്‌സി കടക്കും. അടുത്ത ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പുറത്തുവിടും.