School Backbenchers: ഒരു സിനിമ സൃഷ്ടിച്ച വിപ്ലവം, ബാക്ക്ബെഞ്ച് സമ്പ്രദായം ഉപേക്ഷിച്ച് സ്‌കൂളുകള്‍; സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായം
How the movie Sthanarthi Sreekuttan influenced school education system: കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റം. പഞ്ചാബിലടക്കം പരിഷ്‌കാരമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തിലടക്കം ഈ സിനിമ സ്വാധീനം ചെലുത്തിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍

പരിപ്പ് ഹൈ സ്‌കൂള്‍ പങ്കുവച്ച ചിത്രം
സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും, മനുഷ്യരില്‍ ചിന്താശേഷി ഉയര്‍ത്താനും കലാമൂല്യമുള്ള സിനിമകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാലും അത്തരം സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യും. റിലീസ് ചെയ്തിട്ട് 24 വര്‍ഷം കഴിഞ്ഞിട്ടും പ്രസക്തി ഒട്ടും ചോരാതെ, സന്ദേശം എന്ന സിനിമ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് അതിന് ഒരു ഉദാഹരണം മാത്രം. കലാമൂല്യമുള്ള അത്തരം സിനിമകളുടെ പട്ടികയില്‍ ഒടുവില്‍ ഇടം നേടിയിരിക്കുന്നത് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന ചിത്രമാണ്. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ കുഞ്ഞന്‍ ചിത്രം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വന്‍ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമ കൊണ്ടുവന്ന പ്രമേയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ, ഫ്രണ്ട് ബെഞ്ചേഴ്‌സ്-ബാക്ക് ബെഞ്ചേഴ്‌സ് വിവേചനം അവസാനിപ്പിക്കാന്‍ ഒന്നിലേറെ സ്‌കൂളുകള്‍ തീരുമാനിക്കുകയായിരുന്നു. ബാക്ക് ബെഞ്ച് സമ്പ്രദായം ഉപേക്ഷിച്ച ഈ സ്‌കൂളുകള്‍ വട്ടത്തില്‍ കുട്ടികളെ ഇരുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടം പരിഷ്‌കരിച്ചു. അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികളിലേക്കും ഒരു പോലെ കണ്ണെത്തുമെന്നതാണ് പ്രത്യേകത.
കോട്ടയം പരിപ്പ് ഹൈ സ്‌കൂള്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു കഴിഞ്ഞു. വടക്കാഞ്ചേരി ഈസ്റ്റ് മങ്ങാട് മോഡല്‍ സ്‌കൂള്‍, വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ മാറ്റം നടപ്പായി. ഇത്തരത്തില്‍ ആറോളം സ്‌കൂളുകള്‍ ഈ രീതിയിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. വ്യാപകമായി ഈ പരിഷ്‌കരണം നടപ്പിലായിട്ടില്ലെങ്കിലും വലിയൊരു മാറ്റത്തിനാണ് ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ തുടക്കമിട്ടത്.
കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റം. പഞ്ചാബിലടക്കം പരിഷ്‌കാരമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തിലടക്കം ഈ സിനിമ സ്വാധീനം ചെലുത്തിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍.
രണ്ട് അഭിപ്രായം
‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ സമൂഹത്തില്‍ സൃഷ്ടിച്ച ഈ വിപ്ലവത്തെ കൈയടികളോടെയാണ് പലരും സ്വീകരിക്കുന്നത്. സ്‌കൂളുകളിലെ വേര്‍തിരിവ് അവസാനിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് പലരുടെയും നിരീക്ഷണം. എന്നാല്‍ എതിരഭിപ്രായങ്ങളും ഉയരുന്നുണ്ട്. പ്രായോഗികതയിലൂന്നിയാണ് സംശയങ്ങള്‍ ഉയരുന്നത്. അധികം കുട്ടികള്‍ ഇല്ലാത്ത ക്ലാസ്മുറികളില്‍ ഇത് നടപ്പാക്കാനാകുമെന്നും, എന്നാല്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ ഇത് പ്രായോഗികമല്ലെന്നും വിലയിരുത്തുന്നവരുണ്ട്.
ഫ്രീ തിങ്കേഴ്‌സ് എന്തു ചെയ്യും മല്ലയ്യ?
മുന്‍നിരയിലുള്ളത് പഠിപ്പികളെങ്കില്‍ ബാക്ക് ബെഞ്ചിലുള്ളത് ‘ഫ്രീ തിങ്കേഴ്‌സ്’ ആണെന്നാണ് പൊതുബോധം. അക്കാദമിക് സമ്പ്രദായങ്ങളില്‍ ഒതുങ്ങാതെ അതും കടന്ന് ചിന്തിക്കുന്നവരെന്ന് ഭാഷ്യം. സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് ബാക്ക്‌ബെഞ്ചേഴ്‌സാണെന്നും പരക്കെ അഭിപ്രായമുണ്ട്. ഇരിപ്പിടത്തിലെ ഈ പരിഷ്‌കാരം വ്യാപകമായി നടപ്പായാല്‍ ഈ സ്വതന്ത്രചിന്തകരെ നഷ്ടമാകുമോയെന്നാണ് ചിലരുടെയെങ്കിലും പരിഭവം.