NEET PG Exam 2025: നീറ്റ് പിജി: രണ്ട് ഷിഫ്റ്റിലുള്ള പരീക്ഷ വിവാദത്തിൽ, ഹർജി സുപ്രീം കോടതിയിൽ
Plea Against Two-Shift in NEET PG Exam 2025 Exam : ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷയ്ക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ഒരൊറ്റ ഷിഫ്റ്റായി നടത്തണമെന്നുമാണ് ഹർജികളിലെ ആവശ്യം.

NEET PG 2025
ന്യൂഡൽഹി: ജൂൺ 15-ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള നീറ്റ് പി.ജി. പരീക്ഷ രണ്ടു ഷിഫ്റ്റുകളായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ തീരുമാനത്തിനെതിരായ ഹർജി സുപ്രീംകോടതി മേയ് അവസാന ആഴ്ചയിൽ പരിഗണിക്കും. രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നത് പക്ഷപാതപരമാണെന്നാണ് റിട്ട് ഹർജിയിലെ പ്രധാന ആരോപണം.
രണ്ടു പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാവുകയും ഇത് വിദ്യാർത്ഥികൾക്ക് തുല്യാവസരം നിഷേധിക്കുകയും ചെയ്യുമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷയ്ക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ഒരൊറ്റ ഷിഫ്റ്റായി നടത്തണമെന്നുമാണ് ഹർജികളിലെ ആവശ്യം. ചോദ്യപേപ്പറുകളുടെ നിലവാരത്തിലെ വ്യത്യാസവും നോർമലൈസേഷൻ പ്രക്രിയയുടെ സുതാര്യതയും സംബന്ധിച്ച് പലരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഹർജിയിൽ മേയ് അഞ്ചിന് കോടതി എൻ.ബി.ഇ., ദേശീയ മെഡിക്കൽ കൗൺസിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവരോട് വിശദീകരണം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുക.
പരീക്ഷ ഇങ്ങനെ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഇത്. രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ഇത് നടത്തുന്നത്. രാവിലെ 9:00 മുതൽ 12:30 വരെയും, ഉച്ചയ്ക്ക് 3:30 മുതൽ 7:00 വരെയുമാണ് ഷിഫ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 52,000-ത്തിലധികം പി.ജി. മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷ. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ രണ്ടാം വാരത്തോടെ വെബ്സൈറ്റിൽ ലഭ്യമാകും എന്നാണ് വിവരം.