NEET UG 2025: നീറ്റ് യുജി പരീക്ഷ ഇന്ന്; ക്രമക്കേട് തടയാനുറച്ച് കര്‍ശന നടപടികളുമായി എന്‍ടിഎ; പരീക്ഷാദിനത്തില്‍ ശ്രദ്ധിക്കേണ്ടത്
NEET UG 2025 Examination today: പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അവഗണിക്കണമെന്നും, ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാത്രം പിന്തുടരാനും എന്‍ടിഎ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു

പ്രതീകാത്മക ചിത്രം
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജുവേറ്റ് (യുജി) 2025 പരീക്ഷ ഇന്ന് (മെയ് 4) നടക്കും. 22.7 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1:30 ന് മുമ്പ് പരീക്ഷാര്‍ത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തുന്നതാണ് ഉചിതം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് തുടങ്ങിയവ കയ്യില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വായിക്കുകയും പാലിക്കുകയും വേണം.
പരീക്ഷയ്ക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കർശനമായ ഡ്രസ് കോഡും സുരക്ഷാ പ്രോട്ടോക്കോളുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഫുൾസ്ലീവ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഷൂസുകള്‍ തുടങ്ങിയവ ഒഴിവാക്കണം. മതപരമായ വസ്ത്രം ധരിക്കുന്നവര്‍ റിപ്പോർട്ടിംഗ് സമയത്തിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണം.
ഇവ കൊണ്ടുപോകരുത്
- പുസ്തകങ്ങൾ
- കാൽക്കുലേറ്ററുകൾ
- ലോഗ് ടേബിളുകൾ
- കുറിപ്പുകൾ
- റൈറ്റിംഗ് പാഡുകൾ
- ബ്ലൂടൂത്ത് ഉപകരണങ്ങൾ
- മൊബൈൽ ഫോണുകൾ
- സ്മാർട്ട് വാച്ചുകൾ
- മൈക്രോഫോണുകൾ
- ഇലക്ട്രോണിക് പേനകൾ
- ബെൽറ്റുകൾ
- തൊപ്പികൾ
- കണ്ണടകൾ
- ക്യാമറകൾ
- ലോഹ വസ്തുക്കൾ
- ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ
പരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എൻടിഎ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള 5,453 കേന്ദ്രങ്ങളിലും 13 അന്താരാഷ്ട്ര നഗരങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ വിജയകരമായി നടത്തി.
Read Also: NEET UG 2025: നീറ്റ് യുജി പരീക്ഷ നാളെ; അപേക്ഷിച്ചത് 23 ലക്ഷം പേർ
മുന്നറിയിപ്പ്
പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അവഗണിക്കണമെന്നും, ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാത്രം പിന്തുടരാനും എന്‍ടിഎ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററുമായി സഹകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എന്‍ടിഎ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ച 165 ലധികം ടെലിഗ്രാം ഗ്രൂപ്പുകൾക്കും 32 ലധികം ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾക്കുമെതിരെ നടപടി സ്വീകരിച്ചു.