NICL AO Recruitment 2025: ബിരുദം യോഗ്യത, 90000 വരെ ശമ്പളം; നാഷണൽ ഇൻഷുറൻസ് കമ്പനി വിളിക്കുന്നു
NICL Administrative Officer Recruitment 2025: താത്പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഐസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3 ആണ്.

പ്രതീകാത്മക ചിത്രം
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 266 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ളതും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഐസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3 ആണ്.
ഉദ്യോഗാർത്ഥികൾ 1000 രൂപ അപേക്ഷ ഫീസ് അടയ്ക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകർ 21നും 30നും ഇടയിൽ പ്രായമുള്ളവയിരിക്കണം (2025 മെയ് 1ന്).
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും ബിരുദം നേടിയവർക്ക് ജനറലിസ്റ്റ് ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കാം. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട നിർദ്ദിഷ്‌ട യോഗ്യതകൾ ഉണ്ടായിരിക്കണം. അതായത് മെഡിക്കൽ ഓഫീസർമാർക്ക് എംബിബിഎസ്, ഫിനാൻസിന് സിഎ, നിയമത്തിന് എൽഎൽബി തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് എൻഐസിഎല്ലിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
ALSO READ: ഹ്യൂമാനിറ്റീസ് അത്ര നിസ്സാരക്കാരനല്ല, വിദേശത്ത് ഒന്നരക്കോടിയുടെ സ്കോളർഷിപ്പോടെ പഠിക്കാം
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ എന്നിവയ്ക്ക് ശേഷം രേഖാ പരിശോധന ഉണ്ടാകും. തുടർന്ന് വ്യക്തിഗത അഭിമുഖം കൂടി വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് നിയമിക്കുക. പ്രാഥമിക പരീക്ഷ 2025 ജൂലൈ 20നും പ്രധാന പരീക്ഷ 2025 ഓഗസ്റ്റ് 31നും നടക്കുമെന്നാണ് സൂചന. അഡ്‌മിറ്റ് കാർഡ് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
പ്രധാന പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,925 മുതൽ 90,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉണ്ടാകും.