RRB NTPC Exam 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാതീയതിയില്‍ മാറ്റം; മോക്ക് ടെസ്റ്റ് നടത്താന്‍ അവസരം
RRB NTPC Exam 2025 Tentative Schedule: റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം പരിശോധിക്കണമെന്നും ആധികാരികമല്ലാത്ത സ്രോതസുകള്‍ വഴി തെറ്റിദ്ധരിക്കപ്പെടരുതെന്നും ആര്‍ആര്‍ബി

ട്രെയിന്‍
ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ അഞ്ച് മുതല്‍ 24 വരെ പരീക്ഷ നടക്കും. നേരത്തെ ജൂണ്‍ അഞ്ച് മുതല്‍ 23 വരെ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ഒരു ദിവസം അധികമായി ഉള്‍പ്പെടുത്തുകയായിരുന്നു. പരീക്ഷാ നഗരം, തീയതി, എസ്‌സി, എസ്ടി വിഭാഗത്തിലെ അപേക്ഷകര്‍ക്കുള്ള ട്രാവൽ അതോറിറ്റി ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് എന്നിവ ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് ലഭ്യമാകും. ഉദാഹരണത്തിന്, ജൂണ്‍ 14ന് പരീക്ഷയുള്ളവര്‍ക്ക് 10ന് ലിങ്ക് ലഭിക്കും. എന്നാല്‍ പരീക്ഷാ തീയതിക്ക് നാല് ദിവസം മുമ്പ് മാത്രമേ ഇ-കോള്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ.
എഴുതുന്നവരുടെ ആധാർ ലിങ്ക് ചെയ്ത ബയോമെട്രിക് ഓതന്റിക്കേഷന്‍ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് നടത്തും. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇത് നടത്തും. ഒറിജിനൽ ആധാർ കാർഡോ ഇ-വെരിഫൈഡ് ആധാറിന്റെ പ്രിന്റൗട്ടോ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവരണം.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം പരിശോധിക്കണമെന്നും ആധികാരികമല്ലാത്ത സ്രോതസുകള്‍ വഴി തെറ്റിദ്ധരിക്കപ്പെടരുതെന്നും ആര്‍ആര്‍ബി നിര്‍ദ്ദേശിച്ചു. അനധികൃതമായി നിയമനം നല്‍കാമെന്ന വാഗ്ദാനത്തോടെ സമീപിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണം. ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനമാക്കി, മെറിറ്റ് പരിഗണിച്ച് മാത്രമാണ് നിയമനമെന്നും ആര്‍ആര്‍ബി അറിയിച്ചു.
Read Also: Kerala Plus One Result 2025: കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത് മെയ് 28ന്; പ്ലസ് വണ്‍ ഫലം ഈയാഴ്ചയെത്തുമോ?
മോക്ക് ടെസ്റ്റ്
ഒന്നാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള മോക്ക് ടെസ്റ്റ് നടത്താനുള്ള ലിങ്ക് ആര്‍ആര്‍ബി പുറത്തുവിട്ടു. ആര്‍ആര്‍ബികളുടെ ഹോം പേജില്‍ ഈ ലിങ്ക് ലഭ്യമാണ്.