Akshay Kumar: സിനിമ എങ്ങനെയുണ്ട്? മുഖംമൂടി ധരിച്ച്, പ്രേക്ഷകർക്ക് മുന്നിൽ അക്ഷയ് കുമാർ; വിഡിയോ വൈറൽ
kshay Kumar House Full 5: ജൂൺ ആറിന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ ദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടിയാണ് സ്വന്തമാക്കിയത്.

അക്ഷയ്കുമാർ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹൗസ്ഫുൾ 5’. ബോളിവുഡിന്റെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ഹൗസ്ഫുൾ’ന്റെ അഞ്ചാം ഭാഗമാണിത്. ഇപ്പോഴിതാ, പ്രേക്ഷക പ്രതികരണം അറിയാൻ നേരിട്ടെത്തിയ താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്കു മുൻപിൽ കില്ലർ മാസ്ക് ധരിച്ചും മൈക്ക് പിടിച്ചും താരം പ്രത്യക്ഷപ്പെടുകയായിരുന്നു. സിനിമയെ കുറിച്ച് അദ്ദേഹം അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാൽ അക്ഷയ് കുമാറാണെന്ന് തിരിച്ചറിയാതെ പ്രേക്ഷകർ സിനിമയെക്കുറിച്ചുള്ള അവരുടെ പ്രതികരണം പങ്കുവെക്കുന്നത് വീഡിയോയില്‍ കാണാം.
ആളുകൾ തിരിച്ചറിയുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും രക്ഷപ്പെട്ടു എന്നായിരുന്നു വിഡിയോ പങ്കുവച്ച് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘ബാന്ദ്രയിൽ ഇന്ന് ഹൗസ്ഫുൾ5 ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ ഞാൻ തീരുമാനിച്ചു. അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, അതിനു തൊട്ടുമുൻപ് ഓടി രക്ഷപ്പെട്ടു. രസകരമായ അനുഭവമായിരുന്നു,’ അക്ഷയ് കുമാർ കുറിച്ചു.
ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ ദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടിയാണ് സ്വന്തമാക്കിയത്. വാരാവസാനം ചിത്രം 70 കോടി നേടുമെന്നാണ് സൂചന. താരത്തിന്റെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്ഓഫിസിൽ പരാജയപ്പെടുന്നതിന് ഇടയിൽ ‘ഹൗസ്ഫുൾ 5’ ആശ്വാസ വിജയമാവുകയാണ്.