AMMA Election : ‘അമ്മ’ തിരഞ്ഞെടുപ്പ്; ഇനി പടപ്പുറപ്പാട് സിദ്ദിഖിനെതിരെ മാത്രം
AMMA General Secretary Election Updates : ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് സിദ്ദിഖ് മത്സരിക്കുന്നത്. സിദ്ദിഖിനെതിരായി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ് മത്സരംഗത്തുള്ളത്. നേരത്തെ സംഘടനയുടെ പ്രസിഡൻ്റായി സൂപ്പർ താരം മോഹൻലാൽ ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Actor Siddique (Image Courtesy : Sidique Facebook)
മലയാള സിനിമ താരങ്ങളുടെ സംഘടനായയ അമ്മയുടെ (A.M.M.A) പ്രസിഡൻ്റായി നടൻ മോഹൻലാൽ (Actor Mohanlal) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിരാളികൾ ഇല്ലാത്തതിനാൽ നടൻ ഉണ്ണി മുകുന്ദനെ (Unni Mukundan) സംഘടനയുടെ ട്രെഷററായും തിരഞ്ഞെടുത്തു. എന്നാൽ സംഘടനയുടെ അമരസ്ഥാനങ്ങളിൽ ഒന്നായ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിഞ്ഞെടുപ്പിന് അമ്മ വേദിയാകുകയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പുണ്ടാകുന്നത് ഇതാദ്യമാണ്. 30 വർഷത്തിന് ശേഷം സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്നും ഇടവേള ബാബു ഒഴിയുന്നതോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കളം ഒരുങ്ങുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ സംഘടനയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുപ്പുണ്ടാകും.
നടന്‍മാരായ സിദ്ദിഖും ഉണ്ണി ശിവപാലും നടി കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും മഞ്ജു പിള്ളയും ജയൻ ചേർത്തലയുമാണ് നേർക്കുനേരെയെത്തുക. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ അനൂപ് ചന്ദ്രനും മത്സരരംഗത്തുണ്ട്. പ്രധാനമായും സംഘടനയ്ക്കുള്ളിൽ തലമുറം മാറ്റം ലക്ഷ്യവെച്ചാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് വഴിവെച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഭരണസമിതിയിൽ ഉണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ കരമന, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല.
ALSO READ : Malayalam Actors Net worth: മമ്മൂട്ടിക്കാണോ മോഹന്‍ലാലിനോണോ കൂടുതല്‍ സ്വത്ത്? വിവരങ്ങള്‍ ഇങ്ങനെ
ലക്ഷ്യം സിദ്ദിഖ്
അമ്മയുടെ നേതൃനിരയിലേക്കില്ലയെന്ന് മോഹൻാലൽ തീരുമാനമെടുത്തു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിദ്ദിഖ് വരുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. ഇതെ തുടർന്ന് സിദ്ദിഖിനെതിരെ മത്സരിക്കുന്നതിനായി കുക്കു പരമേശ്വരനും അനൂപ ചന്ദ്രനും ആദ്യം തന്നെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചു. പിന്നീട് മോഹൻലാൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മറ്റ് പത്രികകൾ പിൻവലിക്കപ്പെട്ടു. പിന്നാലെ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മോഹൻലാൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയതോടെയാണ് കുക്കു പരമേശ്വരനും വീണ്ടും മത്സരരംഗത്തേക്കെത്തി. ഒപ്പം നടൻ ഉണ്ണി ശിവപാലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആദ്യം പത്രിക നൽകിയ അനുപ് ചന്ദ്രൻ അത് പിൻവലിച്ച് ബാബുരാജിനെതിരെ നാമനിർദേശം സമർപ്പിച്ചു. ഇടവേള ബാബു മാറുന്നതോടെ നേതൃസ്ഥാനത്തേക്ക് സിദ്ദിഖിനെ എത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഈ നീക്കം നടക്കുന്നത്. അമ്മ സംഘടനയിൽ കഴിഞ്ഞ 30 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മത്സരം നടക്കുന്നത്.
തിരഞ്ഞെടുപ്പ് എന്ന്?
ജൂൺ 30-ാം തീയതിയാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ ചേരുന്നത്. അന്നേദിവസമാണ് സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും സംഘടിപ്പിക്കുന്നത്. നേതൃസ്ഥാനങ്ങൾക്ക് പുറമെ സംഘടനയുടെ 11 അംഗ എക്സിക്യൂട്ടീവിലേക്കുള്ള തിരഞ്ഞെടുപ്പും 30-ാം തീയതി സംഘടിപ്പിക്കുന്നതാണ്. 11 അംഗ എക്സിക്യൂട്ടീവിലേക്ക് 12 പേരാണ് പത്രിക നൽകിട്ടുള്ളത്. അൻസിബ ഹസൻ, അനന്യ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹൻ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്.
അമ്മ സംഘടനയുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ കുറഞ്ഞത് നാല് പേർ വനിതകൾ ആയിരിക്കണം. കുക്കു പരമേശ്വരനും മഞ്ജു പിള്ളയും നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് ഭരവാഹി തിരഞ്ഞെടുപ്പിനുള്ള ഫലം വന്നതിന് ശേഷമാകും. അതിനാൽ ആദ്യ വോട്ടെണ്ണുക നേതൃസ്ഥാനത്തെയാണ്. വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളത് 506 അംഗങ്ങൾക്കാണ്.