Basil Joseph: ‘അതങ്ങനെയല്ല’; സൂക്ഷ്മദർശിനിയിലെ വോയിസ് നോട്ട് പിഴവല്ലെന്ന് വിശദീകരിച്ച് ബേസിൽ ജോസഫ്
Basil Joseph - Sookshmadarshini: സൂക്ഷ്മദർശിനി എന്ന സിനിമയിലെ വോയിസ് നോട്ട് സീൻ പിഴവല്ലെന്ന് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ്. വോയിസ് നോട്ട് സീനിൽ ടെക്നിക്കൽ പിഴവുണ്ടെന്ന വാദങ്ങളോടാണ് ബേസിലിൻ്റെ പ്രതികരണം.

സൂക്ഷ്മദർശിനിയിലെ വോയിസ് നോട്ട് പിഴവല്ലെന്ന് വിശദീകരിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഡയാന എന്ന കഥാപാത്രം അയയ്ക്കുന്ന വോയിസ് നോട്ട് കാണിക്കുമ്പോൾ അതിൽ ടെക്നിക്കൽ പ്രശ്നമുണ്ടെന്നായിരുന്നു പുറത്തുവന്ന ആക്ഷേപങ്ങൾ. എന്നാൽ, അതങ്ങനെയല്ലെന്നും ടെക്നിക്കൽ പ്രശ്നങ്ങളില്ലെന്നും ബേസിൽ ജോസഫ് വിശദീകരിച്ചു. തൻ്റെ ഏറ്റവും പുതിയ സിനിമയായ പൊന്മാൻ്റെ പ്രമോഷൻ അഭിമുഖത്തിനിടെ മഴവിൽ മനോരമയോടാണ് ബേസിലിൻ്റെ വിശദീകരണം.
സിനിമ കാണാത്തവർ ശ്രദ്ധിക്കുക. ഇനി പറയുന്നതിൽ സ്പോയിലറുകൾ ഉണ്ട്:
സിനിമയിൽ ബേസിൽ ജോസഫിൻ്റെ കഥാപാത്രമാണ് മാനുവൽ. മാനുവലിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജനനി റാം ആണ് മാനുവലിൻ്റെ മുതിർന്ന സഹോദരി ഡയാനയെ അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്നു. ഇതിനിടെയാണ് മാനുവലിൻ്റെയും ഗ്രേസിയുടെയും അമ്മ ഗ്രേസിയെ കാണാതാവുന്നത്. ഓർമ്മക്കുറവുള്ള ഇവരെ ഇടയ്ക്കിടെ കാണാതാവാറുണ്ട്. ഇത് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ന്യൂസീലൻഡിൽ താമസിക്കുന്ന ഡയാന എത്തുന്നത്. എന്നാൽ, അന്വേഷണത്തിൽ പുരോഗതിയില്ലെന്നും താൻ ഇവിടെനിന്നിട്ട് കാര്യമില്ലെന്നും മനസിലാക്കുന്ന ഡയാന തിരികെപോകുന്നു. ഇതിനിടെ ചില സംശയങ്ങൾ തോന്നിയ പ്രിയദർശിനി (നസ്റിയ നസീം) ന്യൂസീലൻഡിലേക്ക് പോയ ഡയാനയ്ക്ക് വാട്സപ്പിൽ മെസേജ് ചെയ്ത് കാര്യങ്ങൾ അന്വേഷിക്കുന്നു. അപ്പോൾ താൻ സ്ഥലത്തെത്തി എന്ന് ഡയാന വോയിസ് നോട്ട് അയക്കുകയും ചെയ്യുന്നു. ഈ വോയിസ് നോട്ട് ആണ് ചർച്ചയായത്.




സിനിമയിൽ ഈ വോയിസ് നോട്ട് കാണിക്കുന്നത് സാദാ വോയിസ് നോട്ട് ആയാണ്. ശരിക്കും ഡയാനയെ മാനുവലും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. മാനുവലാണ് ഡയാനയെന്ന പേരിൽ പ്രിയദർശിനിയോട് ചാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഡയാനയുടെ ശബ്ദത്തിൽ വോയിസ് നോട്ട് അയക്കണമെങ്കിൽ നേരത്തെ ആർക്കെങ്കിലും അയച്ച വോയിസ് നോട്ട് ഫോർവേഡ് ചെയ്യുക മാത്രമാണ് വഴി. എന്നാൽ, ഇങ്ങനെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ ഫോർവേഡഡ് മെസേജ് എന്ന് വാട്സപ്പ് കാണിക്കുമെന്നായിരുന്നു വാദം. സാധാരണ വിഡിയോകളും ചിത്രങ്ങളും മറ്റും ഫോർവേഡ് ചെയ്യുമ്പോൾ ഇത് കാണിക്കാറുണ്ടല്ലോ. ഇക്കാര്യമാണ് അഭിമുഖത്തിലെ ചോദ്യം. എന്നാൽ, താൻ സ്വയം ആർക്കെങ്കിലും അയച്ച വോയിസ് നോട്ട് ആണെങ്കിൽ അത് ഫോർവേഡ് ചെയ്യുമ്പോൾ ഫോർവേഡഡ് എന്ന് കാണിക്കില്ലെന്നും മറ്റാരെങ്കിലും അയച്ച വോയിസ് നോട്ടാണെങ്കിലേ അത് കാണിക്കൂ എന്നും ബേസിൽ പറയുന്നു. ഇവിടെ നേരത്തെ ഡയാന ആർക്കോ അയച്ച വോയിസ് നോട്ടാണ് മാനുവൽ പ്രിയദർശിനിയ്ക്ക് ഫോർവേഡ് ചെയ്യുന്നത്.
ജിതിൻ എംസി ഒരുക്കിയ സൂക്ഷ്മദർശിനി കഴിഞ്ഞ വർഷം നവംബറിലാണ് തീയറ്ററുകളിലെത്തിയത്. ബേസിൽ ജോസഫ്, നസ്റിയ നസീം എന്നിവർക്കൊപ്പം അഖില ഭാർഗവൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻ രാജ്, സിദ്ധാർത്ഥ് ഭരതൻ, ദീപക് പറമ്പോൽ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. തീയറ്ററിൽ സിനിമ സൂപ്പർ ഹിറ്റായിരുന്നു.