Jayaram – Kalidas: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ
Jayaram And Kalidas Reunite: ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നു. ആശകൾ ആയിരം എന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാണ്.
22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്നു. ജി പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രജിതിൻ്റെ മൂന്നാമത്തെ സിനിമയാണ് ആശകൾ ആയിരം.
ജൂഡ് അന്താണി ജോസഫ്, അരവിന്ദ് രാജേന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിർമ്മിക്കുന്നത്. സിനിമയുടെ ക്രിയേറ്റിവ് ഡയറക്ടറും ജൂഡ് അന്താണി ജോസഫ് ആണ്. നിവിൻ പോളി, മഞ്ജിമ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന സിനിമയാണ് ജി പ്രജിത് സംവിധാനം ചെയ്ത ആദ്യ സിനിമ. പിന്നീട് 2017ൽ മേഡ മീഡ അബ്ബായി എന്ന തെലുങ്ക് സിനിമയും 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. ബിജു മേനോൻ, സംവൃത സുനിൽ ജോഡി ഒന്നിച്ച സിനിമയായിരുന്നു ഇത്. നാല്പത്തിയൊന്ന്, ജോ ആൻഡ് ജോ, ജേണി ഓഫ് ലവ് 18+ എന്നീ സിനിമകൾ ജി പ്രജിത് ആണ് നിർമ്മിച്ചത്.




‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ ബാലതാരമായാണ് കാളിദാസ് തൻ്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ആ സിനിമയിലും അടുത്ത സിനിമയായ ‘എൻ്റെ വീട്, അപ്പൂൻ്റേം’ എന്ന സിനിമയിലും ജയറാമിനൊപ്പം താരം അഭിനയിച്ചു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ കാളിദാസ് അഭിനയിച്ചെങ്കിലും ജയറാമുമൊത്ത് ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഇപ്പോൾ ആശകൾ ആയിരം എന്ന സിനിമയിലൂടെ അത് സാധ്യമാവുകയാണ്.