Siddique Lal : സ്‌ക്രിപ്റ്റ് മോഷണത്തിന് പ്രതികാരം വീട്ടിയത് മാജിക് നശിപ്പിച്ച്; പിന്നീട് മുസ്ലീം-ക്രിസ്ത്യാനി ഗ്രൂപ്പുകളെ ഒന്നിപ്പിച്ചത് ആ ഒറ്റ സംഭവം; ‘ശത്രു’ക്കളായിരുന്ന സിദ്ദിഖും ലാലും മിത്രങ്ങളായ കഥ
Lal opens up about Siddique: സിദ്ദിഖും ലാലും ഒരേ നാട്ടുകാരാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൂടെയാണ് ഇരുവരുടെയും പരിചയം. തുടക്കത്തില്‍ ശത്രുപക്ഷത്തായിരുന്നു ഇരുവരും. എന്നാല്‍ ശത്രുത മനസില്‍ ഇല്ലായിരുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. ഒരു നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ഇരുവരും കൂടുതല്‍ സൗഹാര്‍ദ്ദത്തിലായി. ആ കഥ

ലാല്‍, സിദ്ദിഖ്
ചിരിയുടെ പൂക്കാലം തീര്‍ക്കുന്ന സിനിമകളായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ട് ചലച്ചിത്രലോകത്തിന് സമ്മാനിച്ചത്. മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും ഓര്‍ക്കാനും, ഓര്‍ത്തോര്‍ത്ത് ചിരിക്കാനും പറ്റിയ ഒന്നിലേറെ ചിത്രങ്ങള്‍ സിദ്ദിഖ്-ലാല്‍ സംഭാവന നല്‍കി. റാംജിറാവു സ്പീക്കിങും, ഗോഡ്ഫാദറുമൊക്കെ അതിന് ചില ഉദാഹരണങ്ങള്‍ മാത്രം. 2023 ഓഗസ്റ്റ് എട്ടിനായിരുന്നു സിദ്ദിഖിന്റെ വിയോഗം. ലിവര്‍ സിറോസിസിന് ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് വിട പറഞ്ഞത്. കാര്‍ഡിയാക് അറസ്റ്റായിരുന്നു മരണകാരണം. മലയാളത്തിന് ഇന്നും സിദ്ദിഖിന്റെ വിയോഗം ഉള്‍ക്കൊള്ളാനായിട്ടില്ല. സിദ്ദിഖുമായി എങ്ങനെയാണ് പരിചയപ്പെടുന്നതെന്ന് ലാല്‍ അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു. ശത്രുവായി തുടങ്ങി മിത്രമായി തീര്‍ന്നവരാണ് ഇരുവരും. രമേഷ് പിഷാരടി അവതരിപ്പിക്കുന്ന അമൃത ടിവിയിലെ ഓര്‍മ്മയില്‍ എന്നും സിദ്ദിഖ് എന്ന പരിപാടിയിലാണ് ലാല്‍ ഇക്കാര്യം പറഞ്ഞത്. പരിപാടിയില്‍ ലാല്‍ പറഞ്ഞത് ചുവടെ:
“ഞങ്ങള്‍ രണ്ടു പേരും പുല്ലേപ്പടിക്കാരാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൂടെയാണ് പരിചയപ്പെടുന്നത്. ഞങ്ങള്‍ പുല്ലേപ്പടിയില്‍ തന്നെയുള്ള രണ്ട് ഗ്രൂപ്പുകളായിരുന്നു. സിദ്ദിഖ് മുസ്ലീം ഗ്രൂപ്പും. ഞാന്‍ ക്രിസ്ത്യാനി ഗ്രൂപ്പും. രണ്ട് ഗ്രൂപ്പിന്റെയും ലീഡേഴ്‌സായിരുന്നു ഞങ്ങള്‍. ശത്രുപക്ഷത്തായിരുന്നു രണ്ടുപേരും. എല്ലാ ആഴ്ചകളിലും മത്സരങ്ങള്‍ വെക്കും. സിദ്ദിഖ് കളിക്കാറില്ല. സിദ്ദിഖ് നോക്കി നില്‍ക്കുന്ന കാണിയായിരുന്നു. പന്തയം വയ്ക്കുമായിരുന്നു. ജയിക്കുന്നവന് 25 രൂപ കിട്ടും. മിക്കവാറും തോല്‍ക്കുന്നത് ഞങ്ങളായിരിക്കും. മുസ്ലീം ഗ്രൂപ്പാണ് ജയിക്കുന്നത്.
ആ കാലഘട്ടത്തില്‍ ഞങ്ങളുടെ അവിടെ സെബസ്ത്യാനോസ് പുണ്യാളന്റെ കഴുന്ന് എന്ന് പറയുന്ന പെരുന്നാളിനോട് അനുബന്ധിച്ച് അവസാനദിവസം നാടകങ്ങളും മിമിക്രിയുമൊക്കെ ഉണ്ടാകും. എല്ലാവര്‍ഷവും ഞങ്ങളും അവരും നാടകം കളിക്കും. അതിനകത്തും മത്സരം ഉണ്ടായിരുന്നു. രമണന്റെ മരണം എന്ന നാടകം കളിക്കുകയായിരുന്നു. ഡയലോഗൊന്നും കൃത്യമായി പഠിച്ചിട്ടില്ല. നാടകം തുടങ്ങിയ സമയത്ത് സ്‌ക്രിപ്റ്റ് ഇവരുടെ ഗ്രൂപ്പിലെ ആളുകള്‍ വന്ന് അടിച്ചുമാറ്റി. എങ്ങനെയോ നാടകം കളിച്ചു. അതൊരു ക്ഷീണവും വൈരാഗ്യവുമായി കിടന്നു.
ആ സമയത്ത് സിദ്ധിക്കും ഗ്രൂപ്പും കൂടി പണസമാഹരണത്തിന് അവരുടെ സ്‌കൂളില്‍ മാജിക് ഷോ വച്ചു. പ്രൊഫസര്‍ കിണ്ണായി എന്ന് പറയുന്ന ആളുടെ മാജിക് ഷോയായിരുന്നു. പുള്ളിയുടെ അവതരണമൊക്കെ മോശമാണ്.
അടുത്തതായി തന്നെ പെട്ടിയിലാക്കി ചങ്ങലക്കിട്ട് പൂട്ടുമെന്നും, പൂട്ടിക്കഴിഞ്ഞ് 10 സെക്കന്‍ഡിനുള്ളില്‍ താന്‍ കാണികള്‍ക്കിടയിലൂടെ നടന്നുവരുമെന്നും ഓഡിയന്‍സിനോടായി കിണ്ണായി പറഞ്ഞു. ഇയാള്‍ പെട്ടിയില്‍ കിടക്കുന്ന സമയത്ത് സ്റ്റേജില്‍ നിന്ന് പുറത്തേക്കുള്ള രണ്ട് വാതിലുകളും ഞങ്ങളുടെ ഗ്രൂപ്പുകള്‍ അടച്ചു. എന്നിട്ട് അവിടെ കാവല്‍ നിന്നു. പുള്ളി വന്ന് വാതിലില്‍ മുട്ടാന്‍ തുടങ്ങി. ഞങ്ങള്‍ തുറന്നില്ല. സംഘാടകര്‍ കുറേ കഴിഞ്ഞാണ് വരുന്നത്. ഒടുവില്‍ കോംപ്രമൈസായി. അരമണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ വാതില്‍ തുറന്നു. അങ്ങനെ ആ പരിപാടി പൊളിഞ്ഞു പാളീസായി. അങ്ങനെ വൈരാഗ്യ ബുദ്ധിയോടെ ഞങ്ങള്‍ ഒരു പ്രതികാരം ചെയ്തു.
വലിയ ശത്രുതയിലായിരുന്നെങ്കിലും, ഒരു മാസത്തിനുള്ളില്‍ സിദ്ദിക്കും കരീം എന്ന് പറയുന്നയാളും കൂടി എന്നെ കാണാന്‍ വന്നു. അവര്‍ക്ക് നാടകം കളിക്കാന്‍ രമണന്റെ മരണം എന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റ് ചോദിച്ചാണ് വന്നത്. മനസിനുള്ളില്‍ ശത്രുതയൊന്നുമില്ലായിരുന്നു. അങ്ങനെ സ്‌ക്രിപ്റ്റ് കൊടുത്തു. ആ നാടകത്തിലെ ശങ്കര്‍ ജി എന്ന കഥാപാത്രത്തെയാണ് ഞാന്‍ നേരത്തെ അവതരിപ്പിച്ചത്. അത് ലാല്‍ വന്ന് ചെയ്തുതരാമോയെന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാനും സമ്മതിച്ചു. റിഹേഴ്‌സലിന് പോയപ്പോള്‍ എന്റെ കൂട്ടത്തില്‍ ക്രിസ്ത്യാനി ഗ്രൂപ്പ് മൊത്തത്തില്‍ അവിടെ വന്നു. അത് ഒരു മതസൗഹാര്‍ദ്ദത്തിലേക്ക് മാറി. പിന്നെ അവിടെ ഒരു ക്രിസ്ത്യന്‍ മുസ്ലീം ഗ്രൂപ്പുണ്ടായിട്ടില്ല. അങ്ങനെയാണ് ഞങ്ങള്‍ സൗഹൃദത്തിലാകുന്നത്”-ലാലിന്റെ വാക്കുകള്‍.