Lokesh Kanagaraj: ആക്ഷനൊന്നുമില്ലാത്ത, ലളിതമായ സിനിമയാണ് അവർ ആഗ്രഹിച്ചത്; തലൈവർ 173യിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് ലോകേഷ്
Lokesh Kanagaraj About Thalaivar 173: തലൈവർ 173 എന്ന സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം ക്രിയാത്മക ഭിന്നതകളാണെന്ന് ലോകേഷ് കനകരാജ്. കൈതി ടുവിനെപ്പറ്റിയും ലോകേഷ് തുറന്നുപറഞ്ഞു.

ലോകേഷ് കനഗരാജ്
രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന തലൈവർ 173 എന്ന സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് ലോകേഷ് കനകരാജ്. ആക്ഷനൊന്നും ഇല്ലാത്ത, ലളിതമായ സിനിമയാണ് അവർ ആഗ്രഹിച്ചതെന്നും അതോടെ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും ലോകേഷ് പറഞ്ഞു.
രണ്ട് മാസത്തോളം തിരക്കഥയിൽ ജോലി ചെയ്തിരുന്നു എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇത് മുന്നോട്ടുപോകുന്നില്ലെന്ന് കണ്ടതോടെ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ക്രിയാത്മകമായ ഭിന്നതകളാണ് കാരണം. രജനികാന്തുമായും കമൽ ഹാസനുമായും സംസാരിച്ചിരുന്നു. ആക്ഷനില്ലാത്ത, ലളിതമായ ഒരു സിനിമയാണ് രജനിയും കമലും ആഗ്രഹിച്ചത്. കമൽ ഹാസൻ്റെ പുതിയ സിനിമയും ജയിലർ 2വും ആക്ഷൻ സിനിമകളാണ്. അതുകൊണ്ടാണ് അവർ ലളിതമായ സിനിമ വേണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് അതിനുള്ള ആത്മവിശ്വാസമില്ലായിരുന്നു. അതോടെയാണ് സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
അല്ലു അർജുൻ സിനിമയ്ക്ക് ശേഷം കൈതി ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കമല്ല സിനിമ വൈകാൻ കാരണം. കൈതി ടു വൈകിയപ്പോൾ അല്ലു അർജുൻ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത് കഴിഞ്ഞാൽ കൈതി ടു ചെയ്യുമെന്നും ലോകേഷ് പ്രതികരിച്ചു.
ഏറെ നാളുകൾക്ക് ശേഷമാണ് രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്നത്. പല സംവിധായകരും സിനിമ ചെയ്യാൻ തീരുമാനിച്ചെങ്കിലും മുടങ്ങി. ഇപ്പോൾ സിബി ചക്രവർത്തിയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസിൻ്റെ ബാനറിൽ കമൽ ഹാസനാണ് നിർമ്മാണം. നേരത്തെ, ലോകേഷ് കനകരാജിന് ശേഷം സുന്ദർ സിയും സിനിമയുടെ സംവിധായകനായി കുറച്ചുകാലം ജോലിചെയ്തു. സുന്ദർ സിയും പിന്മാറിയതിന് ശേഷമാണ് സിബി ചക്രവർത്തി സംവിധായകനാവുന്നത്. ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.