Minu Muneer: ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; മീനു മുനീര്‍ അറസ്റ്റില്‍
Minu Muneer Arrested: നടന്‍ ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നേരത്തെ മീനു മുനീര്‍ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാലചന്ദ്ര മേനോനെതിരായി മീനു നല്‍കിയ ലൈംഗികാതിക്രമ കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചിരുന്നു.
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ നടനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസിന്റേതാണ് നടപടി. അറസ്റ്റ് ചെയ്തതിന് ശേഷം നടിയെ ജാമ്യത്തില്‍ വിട്ടു.
നടന്‍ ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നേരത്തെ മീനു മുനീര്‍ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാലചന്ദ്ര മേനോനെതിരായി മീനു നല്‍കിയ ലൈംഗികാതിക്രമ കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചിരുന്നു.
നടപടികള്‍ അവസാനിപ്പിച്ചതിന്റെ ഭാഗമായി മീനുവിന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. നടി ബാലചന്ദ്ര മേനോനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതി നടപടി.




ഒരു സിനിമാ ചിത്രീകരണ വേളയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി ബാലചന്ദ്ര മേനോന്‍ ഉപദ്രവിച്ചുവെന്നായിരുന്നു നടി പരാതിപ്പെട്ടിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
മുകേഷ്, ജയസൂര്യ എന്നീ നടന്മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീട് ബാലചന്ദ്ര മേനോനെതിരെയും പരാതി നല്‍കുകയായിരുന്നു. 2007 ജനുവരിയില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയിുടെ ചിത്രീകരണത്തിനിടെയാണ് ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.