Mukundan Menon: ‘ആ സമയത്തും അദ്ദേഹം അടുത്ത് പിടിച്ചിരുത്തി കുറേ സംസാരിച്ചു, വലുപ്പ-ചെറുപ്പം നോക്കാത്തയാളാണ് വിക്രം, പച്ചയായ മനുഷ്യനാണ്’
Mukundan Menon about Vikram: വിക്രമിന് വലുപ്പ ചെറുപ്പം ഒന്നും ഒരു വിഷയമേയല്ല. പച്ചയായ ഒരു മനുഷ്യനാണ്. എപ്പോള്‍ വേണമെങ്കിലും വിക്രമിന്റെ അടുത്തേക്ക് ധൈര്യത്തോടെ പോകാം. അത്തരത്തിലുള്ള സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. വിക്രം എപ്പോഴും അങ്ങനെ തന്നെയാണ്
സീരിയലുകളിലൂടെയും, സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ മുകുന്ദന്‍ മേനോന്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ജ്വാലയായ് എന്ന സീരിയലിലെ അനന്തന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1994ല്‍ പുറത്തിറങ്ങിയ സൈന്യമാണ് ആദ്യ ചിത്രം. സൈന്യം സിനിമയുടെ ലൊക്കേഷനില്‍ ഏറ്റവുമടുത്ത സുഹൃത്ത് വിക്രമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു വിക്രം. ആക്ടറെന്ന നിലയില്‍ അദ്ദേഹം അന്നേ ഡിസിപ്ലിന്‍ഡാണ്. രസകരമായിരുന്ന കാലഘട്ടമായിരുന്നു അത്. എയര്‍ഫോഴ്‌സ് അക്കാദമിയിലായിരുന്നു ഷൂട്ടിങ്. സാധാരണ ആള്‍ക്കാര്‍ക്ക് അവിടെ കയറാന്‍ പറ്റില്ല. ഷൂട്ടിങിന് അനുമതി കിട്ടിയത് തന്നെ ഭയങ്കര സംഭവമായിരുന്നു. തന്റെ തുടക്കകാലത്തെ സിനിമയാണ് സൈന്യം. അതിലെ ഓരോ ദിവസവും ആസ്വദിച്ചിരുന്നുവെന്നും മുകുന്ദന്‍ മേനോന്‍ വ്യക്തമാക്കി.
”വിക്രത്തെ ഇപ്പോള്‍ കണ്ടാലും അദ്ദേഹം വന്ന് കെട്ടിപിടിക്കും. അയാള്‍ക്ക് വലുപ്പ ചെറുപ്പം ഒന്നും ഒരു വിഷയമേയല്ല. പച്ചയായ ഒരു മനുഷ്യനാണ്. എപ്പോള്‍ വേണമെങ്കിലും വിക്രമിന്റെ അടുത്തേക്ക് ധൈര്യത്തോടെ പോകാം. അത്തരത്തിലുള്ള സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. വിക്രം എപ്പോഴും അങ്ങനെ തന്നെയാണ്. പണ്ടൊക്കെ വിക്രം തന്നെയാണ് അദ്ദേഹത്തിന്റെ ഫോണ്‍ കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ മാനേജര്‍മാരായതുകൊണ്ട് നമ്മളുടെ പല സാധനങ്ങളുടെ അവിടെ ലഭിക്കില്ല. പലപ്പോഴും മാനേജര്‍ വഴിയെ പുള്ളിയെ ബന്ധപ്പെടാനാകൂ”-മുകുന്ദന്‍ മേനോന്‍ പറഞ്ഞു.
പണ്ട് അങ്ങനെയായിരുന്നില്ല. ആ കാലഘട്ടത്തില്‍ പരസ്പരം സ്ഥിരമായി മെസേജ് അയയ്ക്കുമായിരുന്നു. വിളിച്ചാലും പുള്ളി തിരിച്ചുവിളിക്കുമായിരുന്നു. ഇന്ന് സാഹചര്യങ്ങള്‍ മാറി. മാനേജര്‍മാരുടെ കയ്യിലാണ് ഇവരുടെ ഫോണുകള്‍. അവര്‍ക്ക് പേഴ്‌സണല്‍ നമ്പര്‍ കാണും. പക്ഷേ, അത് നമ്മുടെ കൈയ്യിലുണ്ടാകില്ല. അതുകൊണ്ട് ഫോണിലൂടെ ബന്ധങ്ങള്‍ കുറവാണ്. എന്നാലും എവിടെ കണ്ടാലും തനിക്ക് ഭയങ്കര കംഫര്‍ട്ടബിളായിട്ടുള്ള വ്യക്തിയാണ് വിക്രമെന്നും മുകുന്ദന്‍ മേനോന്‍ പറഞ്ഞു.




എവിടെ പോയാലും, ഏത് ലൊക്കേഷനിലായാലും വിക്രമിന്റെ അടുത്തേക്ക് പോകുന്നതില്‍ യാതൊരുവിധത്തിലും ഉള്‍വലിയേണ്ട കാര്യമില്ല. അന്യന്‍ ഹിറ്റായ സമയത്ത് അദ്ദേഹം സൂപ്പര്‍സ്റ്റാറായിരുന്നു. ആ സമയത്തും ഏഷ്യാനെറ്റിന്റെ ഒരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം അടുത്തുപിടിച്ചിരുത്തി കുറേ നേരം സംസാരിച്ചു. ഏത് സിനിമ ചെയ്യുന്നുവെന്നല്ല അന്ന് അദ്ദേഹം ചോദിച്ചത്. അദ്ദേഹം കുടുംബത്തെക്കുറിച്ചാണ് ചോദിച്ചത്. സ്റ്റാര്‍ഡമോ, തന്റെ അടുത്ത് ഇരുത്താവുന്ന ആളാണോയെന്നൊന്നും അദ്ദേഹത്തിന് വിഷയമല്ലെന്നും താരം വ്യക്തമാക്കി.
ജ്വാലയായി സീരിയലിന്റെ ലൊക്കേഷനില്‍ മമ്മൂക്ക വരുമായിരുന്നു. കുടുംബസമേതം വരുമായിരുന്നു. അതൊക്കെ തങ്ങള്‍ക്ക് വലിയ പ്രചോദനമായിരുന്നു. നല്ല സീനുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം എടുത്തുപറയുമായിരുന്നുവെന്നും മുകുന്ദന്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.