Prasanth Kanjiramattom: ‘അന്ന് കൈകാലുകളെല്ലാം തളരുന്നതുപോലെയായി, ലാലേട്ടന്‍ കൂട്ടിക്കൊണ്ടുപോയി’
Prasanth Kanjiramattom about his career: മലയാള സിനിമയിലെ സംവിധായകരില്‍ പലരും സുഹൃത്തുക്കളാണ്. ഇവരോട് അവസരം ചോദിച്ചാല്‍ നാളെ അവര്‍ തന്റെ ഫോണ്‍ എടുക്കില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ് ചോദിക്കാത്തതെന്നും പ്രശാന്ത്

മിമിക്രിയിലൂടെ മലയാളിക്ക് സുപരിചിതനായ താരമാണ് പ്രശാന്ത് കാഞ്ഞിരമറ്റം. എയ്ഞ്ചല്‍ ജോണ്‍ അടക്കം ഏതാനും സിനിമകളുടെ ഭാഗമായെങ്കിലും ചലച്ചിത്രത്തില്‍ താരത്തിന് അദ്ദേഹം അവസരങ്ങള്‍ ലഭിച്ചില്ല. എയ്ഞ്ചല്‍ ജോണില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പറ്റിയതിനെക്കുറിച്ചും, കൂടുതല്‍ സിനിമകളില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് പ്രശാന്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നുസംസാരിച്ചു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
”എയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ലാലേട്ടനെ പോലൊരു പ്രതിഭയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ നെര്‍വസായി പോയി. കൈകാലുകളെല്ലാം തളരുന്നതുപോലെയായി. ഞാന്‍ നെര്‍വസായത് ലാലേട്ടന്‍ മനസിലാക്കി. അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. ‘മോന്റെ പേരെന്താ’ എന്നൊക്കെ ചോദിച്ച് ഒന്ന് മോട്ടിവേറ്റ് ചെയ്തു. ഒപ്പം നില്‍ക്കുന്നവരുടെ കഴിവ് പുറത്തെടുക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കി, അവരെ മോട്ടിവേറ്റ് ചെയ്ത് മുന്നോട്ടുകൊണ്ടുവരാന്‍ കഴിയുന്ന എനര്‍ജിയുള്ളയാളാണ് ലാലേട്ടന്‍”-പ്രശാന്ത് പറഞ്ഞു.
തനിക്ക് നേരിട്ടുണ്ടായ അനുഭവമാണ് അത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പറയാനറിയില്ലെന്നും താരം വ്യക്തമാക്കി. അവസരങ്ങള്‍ അന്വേഷിച്ചു പോവുകയോ, ഇതിനുവേണ്ടി ഒരുപാട് അലയുകയോ, ഡയറക്ടേഴ്‌സിനെ വിളിച്ച് ശല്യം ചെയ്യുകയോ ചെയ്യാറില്ല. മലയാള സിനിമയിലെ സംവിധായകരില്‍ പലരും സുഹൃത്തുക്കളാണ്. ഇവരോട് അവസരം ചോദിച്ചാല്‍ നാളെ അവര്‍ തന്റെ ഫോണ്‍ എടുക്കില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ് ചോദിക്കാത്തതെന്നും താരം മനസ് തുറന്നു.




ഒരിക്കല്‍ സുഹൃത്തായ ഒരു സംവിധായകനോട് വേഷം തന്നുകൂടെയെന്ന് എന്ന് ചോദിച്ചിരുന്നു. ‘അതിനെന്താ, നമുക്ക് ചെയ്യാം, നീ ഡിസംബറാകുമ്പോള്‍ വിളിക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഡിസംബറും കഴിഞ്ഞ്, അടുത്ത ഡിസംബറുമായിട്ടും ഫോണ്‍ എടുത്തിട്ടില്ല. അദ്ദേഹം പടമൊക്കെ ഷൂട്ട് ചെയ്തു. പരിചയമുള്ള പൊലീസുകാരന്‍ രണ്ടിടി കൂടുതല്‍ തരുമെന്ന് പറയുന്നതുപോലെ, പരിചയമുള്ള സംവിധായകന്‍ രണ്ട് റീല്‍ കൂടുതല്‍ കട്ട് ചെയ്തുകളയുമെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു.
മിമിക്രിയില്‍ നിന്നു പോയവരൊക്കെ സിനിമ ചെയ്യുന്നുണ്ട്. പക്ഷേ, പൂജയ്ക്ക് പോലും വിളിക്കില്ല. തന്റെ ട്രൂപ്പില്‍ കളിച്ചുനടന്നവര്‍ വരെ സിനിമ ചെയ്യുന്നുണ്ട്. അതിനുശേഷം വിളിച്ചിട്ടേയില്ല. അവര്‍ പിന്നെ സിനിമാക്കാരായി. കണ്ടാല്‍, ‘ചേട്ടാ, സുഖമല്ലേ, പ്രോഗ്രാമൊക്കെ ഉണ്ടോ’ എന്ന് ചോദിക്കും. നീയൊക്കെ ഇപ്പോഴും പ്രോഗ്രാം കളിച്ച് നടക്കടാ, ഞാനൊക്കെ സിനിമയിലായി എന്ന ഒരു ഇത് ആ ചോദ്യത്തിലുണ്ട്. അവരുടെ സിനിമയുടെ പൂജയുടെ വാര്‍ത്തകളൊക്കെ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. അതില്‍ പ്രശ്‌നമോ, പരിഭവമോ ഇല്ലെന്നും താരം വ്യക്തമാക്കി.