RJ Anjali Controversy: ഞങ്ങൾ മെഹന്ദി ആർട്ടിസ്റ്റിനോട് നേരിട്ട് ക്ഷമ പറഞ്ഞിരുന്നു – വീണ്ടും മാപ്പപേക്ഷിച്ച് ആർ.ജെ അഞ്ജലി
RJ Anjali Apology: ആ സ്ത്രീയുടെ ഉപജീവന മാർഗത്തെയും തൊഴിലിനെയും വേദനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്ന് അവർ ആവർത്തിച്ചു പറഞ്ഞു. ഒരു സിനിമയിലെ രംഗവുമായി ബന്ധപ്പെട്ട തമാശയാണ് ആ സംഭാഷണത്തിന് കാരണമായത് എന്നും ഇത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അഞ്ജലി പറഞ്ഞു.

Rj Anjali
കൊച്ചി: അടുത്തിടെ പ്രാങ്ക് കോളിന്റെ പേരിൽ വലിയ വിവാദങ്ങൾ നേരിട്ട ആർ ജെ അഞ്ജലി മെഹന്ദി ആർട്ടിസ്റ്റിനോട് തങ്ങൾ നേരിട്ട് ക്ഷമ ചോദിച്ചിരുന്നു എന്ന് വ്യക്തമാക്കി വീണ്ടും രംഗത്ത്. സമൂഹമാധ്യമങ്ങളിൽ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയായി വീണ്ടും മാപ്പപേക്ഷിച്ചു സംസാരിക്കുകയായിരുന്നു അഞ്ജലിയും സുഹൃത്തും. ഇരുവരും സ്ഥലത്തില്ലാത്തതിനാലാണ് ഒരുമിച്ച് മാപ്പപേക്ഷ നടത്താത്തത് എന്നും വീഡിയോയിൽ പറയുന്നു.
നേരത്തെ അഞ്ജലിയും സുഹൃത്തും ഒരു മെഹന്ദി ആർട്ടിസ്റ്റിനെ വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുന്നതിന്റെ പ്രാങ്ക് കോൾ വീഡിയോ വൈറലായിരുന്നു. ഇത് വ്യാപകമായ വിമർശനങ്ങൾക്കിടയാക്കുകയും നിരവധി ആളുകൾ അഞ്ജലിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അഞ്ജലി വിശദീകരണവുമായി രംഗത്തെത്തിയത്.
തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ആത്മാർത്ഥമായി ഖേദിക്കുന്നു എന്നും മെഹന്ദി ആർട്ടിസ്റ്റിനോട് നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ട് എന്നും അഞ്ജലിയും സുഹൃത്തും അറിയിച്ചു.
ആ സ്ത്രീയുടെ ഉപജീവന മാർഗത്തെയും തൊഴിലിനെയും വേദനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്ന് അവർ ആവർത്തിച്ചു പറഞ്ഞു. ഒരു സിനിമയിലെ രംഗവുമായി ബന്ധപ്പെട്ട തമാശയാണ് ആ സംഭാഷണത്തിന് കാരണമായത് എന്നും ഇത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അഞ്ജലി പറഞ്ഞു.
എന്നാലും അഞ്ജലിയുടെ മാപ്പ് അപേക്ഷ ആത്മാർത്ഥമല്ലെന്നും അവരുടെ മുഖഭാവത്തിൽ അത് വ്യക്തമെന്നും കമന്റുകൾ വന്നിരുന്നു. ലൈവ് മാപ്പപേക്ഷയ്ക്കിടയും അവർ ചിരിച്ചത് ഈ വിമർശനങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. സംഭവം വലിയ ചർച്ചയായതോടെ ആർജെ അഞ്ജലി റെഡ് എഫ് എമ്മിൽ നിന്ന് രാജി വെച്ചിരുന്നുവെന്നും മറ്റുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു