Sanjay Dutt: ‘ആവേശം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു’; മലയാളം സിനിമകൾ അതിഗംഭീരമെന്ന് സഞ്ജയ് ദത്ത്
Sanjay Dutt About Malayalam Movies: മലയാളം സിനിമകൾ അതിഗംഭീരമാണെന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. മമ്മൂട്ടിയോടും മോഹൻലാലിനോടും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഫഹദ് ഫാസിൽ, സഞ്ജയ് ദത്ത്
ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ തനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. മമ്മൂട്ടിയോടും മോഹൻലാലിനോടും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കെഡി – ദി ഡെവിൾ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ വച്ചാണ് താരം മനസ്സുതുറന്നത്.
“എനിക്ക് ഫഹദിനെ നന്നായി അറിയാം. ആവേശം സിനിമ കണ്ടിരുന്നു. വളരെ ഇഷ്ടമായി. മോഹൻലാൽ സറിനെയും മമ്മൂട്ടി സാറിനെയും ഞാൻ വളരെ ബഹുമാനിക്കുന്നു. സഫാരി എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. വളരെ മുൻപാണ്. സിനിമയിൽ വെള്ളച്ചാട്ടത്തിൻ്റെ ഒരു സീനുണ്ടായിരുന്നു. അത് ആതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ വച്ചാണ് ഷൂട്ട് ചെയ്തത്. അവിടെ വച്ച് ഒരു പാട്ട് ചെയ്തു. എന്നിട്ട് ഞങ്ങൾ പെരിയാർ ദേശീയോദ്യാനത്തിലേക്ക് പോയി. വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. സ്നേഹമുള്ള ആളുകളാണ്. ഇവിടെ നിന്ന് പുറത്തുവരുന്ന സിനിമകളോട് ബഹുമാനമാണ്. മലയാളം സിനിമ അതിഗംഭീരമാണ്. മലയാളം സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.”- സഞ്ജയ് ദത്ത് പറഞ്ഞു.
പ്രേം തിരക്കഥയൊരുക്കി സംഭാഷണം ചെയ്യുന്ന കന്നഡ സിനിമയാണ് കെഡി – ദി ഡെവിൾ. ധ്രുവ സർജയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, ശില്പ ഷെട്ടി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വില്ല്യം ഡേവിഡ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സങ്കേത് അഛാർ ആണ് എഡിറ്റർ. അർജുൻ ജന്യ സംഗീതസംവിധാനം നിർവഹിക്കുന്നു. ഈ വർഷം സെപ്തംബർ നാലിന് സിനിമ തീയറ്ററുകളിലെത്തും.
1981ൽ റോക്കി എന്ന സിനിമയിലൂടെയാണ് സഞ്ജയ് ദത്ത് അഭിനയജീവിതം ആരംഭിക്കുന്നത്. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത്, 1993ൽ ബോംബെ കലാപവുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് അറസ്റ്റിലായി. 1998ൽ അഭിനയ കരിയർ തുടർന്ന താരം 2022ൽ കെജിഎഫിലൂടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ഹൗസ്ഫുൾ 5 ആണ് റിലീസായ അവസാന സിനിമ.