Jailer 2: രജനികാന്തിന്റെ ‘ജയിലർ 2’വിൽ ഷാരൂഖ് ഖാനും? റിപ്പോർട്ടുകൾ ഇങ്ങനെ
Shah Rukh Khan Cameo in Jailer 2: മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയ അഭിനേതാക്കൾ ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ഇവരെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.

ഷാരൂഖ് ഖാൻ, രജനികാന്ത്
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ 2’വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും, ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജയിലർ സിനിമയുടെ ആദ്യ ഭാഗത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങൾ അതിഥിവേഷത്തിൽ എത്തിയിരുന്നു. ഇതോടെയാണ് രണ്ടാം ഭാഗത്തിൽ ഷാരൂഖ് ഖാൻ എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.
എന്നാൽ, ‘ബോക്സ് ഓഫീസ് – സൗത്ത് ഇന്ത്യ’ എന്ന എക്സ് ഹാൻഡിൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഷാരൂഖ് ഖാൻ ചിത്രത്തിൽ ഉണ്ടാകില്ല. എങ്കിലും, ഒരു ബോളിവുഡ് നടൻ ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം. അത് ആരാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. ജയിലർ 2വിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജയിൽ വാർഡനായിരുന്ന ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യന്റെ കഥയാണ് സിനിമ പറയുന്നത്.
രജനീകാന്തിന് പുറമെ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയ അഭിനേതാക്കൾ ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ഇവരെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ. കൂടാതെ, തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം. ചിത്രത്തിൽ നാഗാർജുന അക്കിനേനി പ്രധാന വില്ലനായി അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ALSO READ: പടക്കളത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല, പക്ഷെ ആ കഥാപാത്രങ്ങൾ…; വിജയ് ബാബു പ്രതികരിക്കുന്നു
രജനീകാന്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം ‘വേട്ടൈയ്യൻ’ ആണ്. ടി ജെ ഞ്യാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തിയത്. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിലും രജനീകാന്താണ് നായകൻ. 2025 ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. നാഗാർജുന അക്കിനേനിയും ഉപേന്ദ്ര റാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.