Shanavas: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് വിടവാങ്ങി
Actor Shanavas Passes Away: അദ്ദേഹത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും. 50 ലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഷാനവാസ് അഭിനയിച്ചിട്ടുണ്ട്.

ഷാനവാസ്
തിരുവനന്തപുരം: നടന്‍ ഷാനവാസ് (70) അന്തരിച്ചു. നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനാണ്. ഓഗസ്റ്റ് നാല് തിങ്കളാഴ്ച രാത്രി 11.50 ഓടെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രോഗം വഷളായതിന് തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അദ്ദേഹത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും. 50 ലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഷാനവാസ് അഭിനയിച്ചിട്ടുണ്ട്.
പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസിന്റെ ജനനം. ചിറയിന്‍കീഴില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈ ന്യൂ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.
1981ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ ആണ് ഷാനവാസിന്റെ ആദ്യ ചിത്രം. പിന്നീട് മലയാളത്തിലും തമിഴിലുമായി അന്‍പതോളം ചിത്രങ്ങളുടെ ഭാഗമായി. പൃഥ്വിരാജ് നായകനായ ജനഗണമനയിലാണ് അവസാനമായി അഭിനയിച്ചത്.