Jyotsna Radhakrishnan: തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന; കണ്ടാൽ അങ്ങനെ തോന്നാത്തതിന് കാരണമുണ്ട്
Jyotsna Radhakrishnan Reveals She is Autistic: മൂന്ന് ടെസ്റ്റുകൾ നടത്തിയതിന് പിന്നാലെയാണ് താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് കണ്ടെത്തിയതെന്ന് ജ്യോത്സ്ന പറയുന്നു. 'ടെഡ് എക്സ് ടോക്സി'ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിലായിരുന്നു ഗായിക മനസുതുറന്നത്.

ജ്യോത്സ്ന രാധാകൃഷ്ണൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002ൽ ഗായികയായി അരങ്ങേറ്റം കുറിച്ച ഇവർ മലയാളത്തിന് ഒട്ടനവധി മനോഹര ഗാനങ്ങളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ, തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോത്സ്ന. മൂന്ന് ടെസ്റ്റുകൾ നടത്തിയതിന് പിന്നാലെയാണ് താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് കണ്ടെത്തിയതെന്ന് ഗായിക പറയുന്നു. ‘ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിലായിരുന്നു ജ്യോത്സ്ന മനസുതുറന്നത്.
താൻ ഒരിക്കലും ആവശ്യപ്പെടാത്ത, ആഗ്രഹിക്കാത്ത കാലത്താണ് ഫെയിം തന്നെ തേടിയെത്തുന്നതെന്ന് ജ്യോത്സ്ന പറയുന്നു. വളരെ നാണം കുണുങ്ങിയായ, എല്ലാത്തിൽ നിന്നും ഉൾവലിയുന്ന കൗമാരക്കാരിയായിരുന്നു താൻ. റെക്കോഡിങും, ഷോകളും ആൽബങ്ങളുമൊക്കെയായി തിരക്കിലായിരുന്ന ആ കാലം താൻ ആസ്വദിച്ചിരുന്നു. എന്നാൽ, എപ്പോഴും മത്സരം നടക്കുന്ന ലോകമാണിത്. ഇവിടെ നിലനിൽക്കുക എന്നത് അത്ര എളുപ്പമല്ല. തന്റെ ജീവിതത്തിൽ എന്തോ സംഭവിക്കുന്നു, തനിക്ക് മാത്രം എന്താണിങ്ങനെ എന്നൊക്കെയുള്ള ആശങ്കയും വെപ്രാളവും ഉണ്ടായി. പിന്നീട് ഓവർതിങ്ക് ചെയ്യാൻ തുടങ്ങി. എല്ലാവരും ഒഴുക്കിനനുസരിച്ച് പോകാൻ പറഞ്ഞപ്പോൾ ഞാനും പോയി. ഒന്നും സംഭവിക്കാത്തത് പോലെ മുന്നോട്ട് ഓടി. അവസാനം പൊട്ടിത്തെറിച്ചുവെന്ന് ജ്യോത്സ്ന പറയുന്നു.
“എങ്ങോട്ടെങ്കിലും മാറിയാൽ മതി എന്ന് ചിന്തിക്കുന്ന സമയത്താണ് ഭർത്താവിന് യുകെയിൽ ജോലി ശരിയായതും അങ്ങോട്ട് മാറുന്നതും. അവിടെ വേറൊരു ലോകമായിരുന്നു. അവിടെ വച്ച് ഒരു കോഴ്സ് അറ്റന്റ് ചെയ്തു. അതിന്റെ ഭാഗമായി ഒരു മാനസികരോഗ വിദഗ്ദനെ കണ്ടു. തുടർന്ന് ഒരു പരിശോധന നടത്തി. വീണ്ടും നടത്തി, വീണ്ടും നടത്തി. മൂന്ന് തവണ നടത്തിയപ്പോഴും ഒരേ റിസൾട്ട്. അത് എന്റെ അതുവരെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി.” ജ്യോത്സ്ന പറഞ്ഞു.
താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്. കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് പലർക്കും തോന്നാം. അതിനുള്ള കാരണം നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്ന് ജ്യോത്സ്ന പറയുന്നു. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മൾ എല്ലാവരും ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. എന്നാൽ, അങ്ങനെയല്ല. ഒന്നില്ലെങ്കിൽ ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കിൽ ന്യൂറോ ഡൈവർജന്റ്സ് എന്ന് പറയുന്നത് ലോകത്തെ വ്യത്യസ്തമായ രീതിയിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണെന്നും ഗായിക കൂട്ടിച്ചേർത്തു.
തനിക്ക് ചുറ്റും നടക്കുന്ന എല്ലാത്തിനോടും താൻ വൈകാരികമായി പ്രതികരിച്ചു കൊണ്ടിരുന്നതിന്റെയും, എല്ലാം വളരെ ആഴത്തിൽ അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണം മനസ്സിലായത് രോഗത്തെ കുറിച്ചുള്ള തിരിച്ചറിവ് വന്നതിന് ശേഷമാണെന്നും ജ്യോത്സ്ന പറയുന്നു. എല്ലാവർക്കും ഓട്ടിസത്തെ കുറിച്ചുള്ളൊരു അവബോധം നൽകണമെന്ന ഉദ്ദേശത്തോടെയാണ് ഇത് തുറന്ന് പറയുന്നത് എന്നും ജ്യോത്സ്ന വ്യക്തമാക്കി.