Janaki VS State of Kerala: ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിലെ ‘ജാനകി’ മാറ്റണം; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ കട്ട്; റിലീസ് വൈകും
Janaki vs State of Kerala Faces Censor Cut: സിനിമയുടെ പേര് മാറ്റണം എന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. ഇതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്.

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ പോസ്റ്റർ
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെൻസർ കട്ട്. ജൂൺ 27ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനാണ് സെൻസർ ബോർഡിന്റെ കട്ട്. സിനിമയുടെ പേര് മാറ്റണം എന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. ഇതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്.
‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യുടെ ജാനകി മാറ്റണമെന്നാണ് ബോർഡിന്റെ നിർദേശം. എന്നാൽ, പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ജൂൺ 27നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാൻ കഴിയില്ലെന്ന് സംവിധായകൻ പ്രവീൺ നാരായണൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ഫോർ ജാനകി എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം നടി അനുപമ പരമേശ്വരനും മുഖ്യവേഷത്തിൽ എത്തുന്നു. 19 വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായത്. ഒരു കട്ട് പോലുമില്ലാതെ, ചിത്രത്തിന് U/A 13+ റേറ്റിങ്ങാണ് ലഭിച്ചത്. ഈ കോർട്ട് റൂം ത്രില്ലർ ചിത്രം കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമാതാവ്.
പ്രവീൺ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ബ്രാൻഡുകളോട് താത്പര്യമില്ലെന്ന് നാഗ ചൈതന്യ; ധരിക്കുന്നത് 41 ലക്ഷത്തിന്റെ വാച്ച്; ട്രോളുകൾ നിറയുന്നു
സുരേഷ് ഗോപി, അനുപമ എന്നിവർക്ക് പുറമെ സുരേഷ് ഗോപിയുടെ മകൻ മാധവ്, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. റെനഡിവേയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സംജിത് മുഹമ്മദാണ്. ഗിരീഷ് നാരായണൻ ആണ് സംഗീത സംവിധാനം.