Namma Metro: ഹൊസഹള്ളിയില്‍ നിന്ന് നേരെ കടബാഗെരയിലേക്ക്; മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കും
Hosa Halli to Kadabagere Metro Service: ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ കരാറുകാരെ തെരഞ്ഞെടുക്കും. കൃത്യമായി അനുമതി ലഭിച്ചാല്‍ 2026 ജൂണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം.

നമ്മ മെട്രോ
ബെംഗളൂരു: കൂടുതല്‍ ഭാഗങ്ങളിലേക്ക് നമ്മ മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ഗ്രേ അഥവ സില്‍വര്‍ എന്നറിയപ്പെടുന്ന ഹൊസഹള്ളി മുതല്‍ കടബാഗെരെ വരെയുള്ള മെട്രോ ലൈനിലേക്ക് ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ ബിഎംആര്‍സിഎല്‍ തയാറെടുക്കുന്നു. നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് ഈ ഇടനാഴി. ബെംഗളൂരുവിലെ മാഗഡി റോഡിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ആകെ 12.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പദ്ധതി.
ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ കരാറുകാരെ തെരഞ്ഞെടുക്കും. കൃത്യമായി അനുമതി ലഭിച്ചാല്‍ 2026 ജൂണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം. ജനസാന്ദ്രത കൂടിയ മേഖലയിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
ഹൊസഹള്ളി, കെഎച്ച്ബി കോളനി, കാമാക്ഷിപാളയ, സുമനഹള്ളി ക്രോസ്, സുങ്കടകട്ടെ, ഹീറോഹള്ളി, ബ്യാദരഹള്ളി, കാമത്ത് ലേഔട്ട്, കടബാഗെരെ എന്നിവിടങ്ങളിലായിരിക്കും ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക. ഈ റൂട്ടില്‍ ഡബിള്‍ ഡെക്കര്‍ ഘടനയിലുള്ള മെട്രോ ട്രെയിനുകളായിരിക്കും വരുന്നത്.
അതേസമയം, സാധാരണയായി ബെംഗളൂരു മെട്രോ പദ്ധതികള്‍ പ്രതിവര്‍ഷം ഏഴ് മുതല്‍ എട്ട് കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ സില്‍വര്‍ ലൈന്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ക്കായി ഉള്ളതായതിനാല്‍ നിര്‍മാണ വേഗത പ്രതിവര്‍ഷം മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ കുറയാം.
Also Read: Bengaluru Metro: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റൂട്ട് പരിഗണനയില്‍; ബിഎംആര്‍സിഎല്ലിന്റെ വമ്പന്‍ നീക്കം
2026ല്‍ നിര്‍മാണം ആരംഭിച്ച് അഞ്ച് വര്‍ഷത്തിലധികം കാലതാമസത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ യാത്രക്കാര്‍ ഉടനടി ആശ്വാസം നല്‍കില്ല. മാഗഡി റോഡില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമയമെടുത്തേക്കും. ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ ബെംഗളൂരു മെട്രോ വികസനത്തെ മന്ദഗതിയിലാക്കുമോ എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തും.