BrahMos Missile: ഇന്ത്യയ്ക്ക് അഭിമാനം; ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാന്‍ തയാറായി വിവിധ രാജ്യങ്ങള്‍
India Indonesia BrahMos Missile Deal: പഹല്‍ഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി പാകിസ്ഥാന് നല്‍കാന്‍ ഇന്ത്യയ്ക്ക് കരുത്തായത് ബ്രഹ്‌മോസ് മിസൈലുകളാണ്. മിസൈലിന്റെ വിജയകരമായ ഉപയോഗം വഴി ഇന്ത്യന്‍ ആയുധശക്തി ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തിന് സാധിച്ചു.

ബ്രഹ്‌മോസ് മിസൈല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്കായി ഇന്തോനേഷ്യ കാത്തിരിക്കുന്നുവെന്ന വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇന്ത്യ ക്രൂയിസ് മിസൈലുമായി ബന്ധപ്പെട്ട കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യമല്ല ഇന്തോനേഷ്യ. രാജ്യത്തിന്റെ അഭിമാനമായ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടിക നീളുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി പാകിസ്ഥാന് നല്‍കാന്‍ ഇന്ത്യയ്ക്ക് കരുത്തായത് ബ്രഹ്‌മോസ് മിസൈലുകളാണ്. മിസൈലിന്റെ വിജയകരമായ ഉപയോഗം വഴി ഇന്ത്യന്‍ ആയുധശക്തി ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തിന് സാധിച്ചു. കര, ആകാശം, കടല്‍ എന്നിവിടങ്ങളില്‍ ഒരുപോലെ പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ മിസൈല്‍ ഒന്നിലധികം ആക്രമണങ്ങള്‍ക്കും പ്രായോഗികം.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍, സൂപ്പര്‍സോണിക് വേഗത, കൃത്യത, വിവിധ സൈനിക പ്രവര്‍ത്തനങ്ങളില്‍ പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയാല്‍ വ്യത്യസ്തമാകുന്നു. ഇതിനോടകം ഇന്ത്യയുമായി ബ്രഹ്‌മോസ് കരാറിലേര്‍പ്പെട്ട രാജ്യം ഫിലിപ്പീന്‍സാണ്. 2022 ജനുവരിയില്‍ 375 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ആദ്യ ബാറ്ററി വിതരണം 2024 ഏപ്രിലില്‍ നടന്നു. രണ്ടാമത്തേത് 2025 ഏപ്രിലിലും.
വേഗതയ്ക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്‌മോസ് വാങ്ങിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നാണ് താത്പര്യം പ്രകടിപ്പിച്ചെത്തിയത്. ഇന്ത്യയുമായി വിവിധ രാജ്യങ്ങള്‍ വിഷയത്തില്‍ ചര്‍ച്ചയിലുമാണ്. ഏതെല്ലാം രാജ്യങ്ങളാണ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചതെന്ന് പരിശോധിക്കാം.
വിയറ്റ്‌നാം- കരസേനയ്ക്കും നാവികസേനയ്ക്കും മിസൈലുകള്‍ വിതരം ചെയ്യുന്നത് ഉള്‍പ്പെടെ 700 മില്യണ്‍ ഡോളറിന്റെ കരാറാണ് വിയ്റ്റ്‌നാം ആസൂത്രണം ചെയ്യുന്നത്.
മലേഷ്യ- സുഖോയ് സു-30 എംകെഎം യുദ്ധ വിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കും ബ്രഹ്‌മോസ് മിസൈലുകള്‍ നല്‍കുന്ന കാര്യം മലേഷ്യ ചര്‍ച്ച ചെയ്യുന്നു.
തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ- തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ബ്രഹ്‌മോസില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല- ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ നാവിക, തീരദേശ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ബ്രഹ്‌മോസില്‍ കണ്ണുവെക്കുന്നു.
ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍- ഈ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ- ദക്ഷിണാഫ്രിക്കയും ബള്‍ഗേറിയയും മിസൈലിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയിലാണ്.