Chief Election Commissioner: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ കഴിയുമോ?
Can CEC Be Impeached in India: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് മോഷണം നടത്താന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇതിനെ പിന്നാലെ കമ്മീഷണറും പ്രതിപക്ഷവും തമ്മില്‍ ശക്തമായ പോരിലേക്കാണ് കാര്യങ്ങളെത്തിയത്.

ഗ്യാനേഷ് കുമാര്‍
വോട്ട് മോഷണം എന്ന ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇന്‍ഡ്യ സഖ്യം ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചന. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ സാധിക്കുമോ?
എന്തുകൊണ്ട് ഇംപീച്ച്‌മെന്റ്?
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് മോഷണം നടത്താന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇതിനെ പിന്നാലെ കമ്മീഷണറും പ്രതിപക്ഷവും തമ്മില്‍ ശക്തമായ പോരിലേക്കാണ് കാര്യങ്ങളെത്തിയത്. കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വ്യാജ വിലാസങ്ങള്‍, അസാധുവായ രേഖകള്‍ എന്നിവയെല്ലാം ഉപയോഗിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തന്നെ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്നതാണെന്നാണ് സിഇസി ഗ്യാനേഷ് കുമാറിന്റെ വാദം. തെളിവുകള്‍ സഹിതം സത്യവാങ്മൂലം നല്‍കുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഇംപീച്ച്‌മെന്റ് എന്ന നടപടിയിലേക്ക് നീങ്ങാന്‍ സഖ്യം തീരുമാനിക്കുകയായിരുന്നു.
ഇംപീച്ച് ചെയ്യാമോ?
ഭരണഘടന നല്‍കുന്ന ശക്തമായ സംരക്ഷണം സിഇസിക്കുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്ന രീതിയിലും കാരണങ്ങളിലും മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സാധിക്കൂ. ആര്‍ട്ടിക്കിള്‍ 324 (5) ലാണ് ഇക്കാര്യം പറയുന്നത്. തെളിയിക്കപ്പെട്ട മോശം പെരുമാറ്റമോ കഴിവില്ലായ്മയോ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമാകുകയുള്ളൂ.
രാഷ്ട്രീയ പോരിന്റെ പേരില്‍ കമ്മീഷണറെ ലക്ഷ്യം വെക്കാനാകില്ല. എന്നാല്‍ സാങ്കേതികമായി ഭരണഘടന സിഇസിയെ മാറ്റുന്ന നടപടിയെ ഇംപീച്ച്‌മെന്റ് എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമുള്ള വളരെ ശ്രമകരമായ നടപടിക്രമമാണ് അതിനുള്ളത്.
ഇംപീച്ച്‌മെന്റ് പ്രക്രിയ
സിഇസിയെ പുറത്താക്കുന്നതിനുള്ള പ്രമേയം പാര്‍ലമെന്റിലെ ഏത് സഭയിലും അവതരിപ്പിക്കാവുന്നതാണ്. എന്നാല്‍ ഗണ്യമായ അംഗങ്ങളുടെ പിന്തുണയുണ്ടായിരിക്കണം. ലോക്‌സഭയിലെ കുറഞ്ഞത് 100 എംപിമാരുടെയോ രാജ്യസഭയിലെ 50 എംപിമാരുടെയോ പിന്തുണ വേണം. പ്രമേയം അംഗീകരിച്ചാല്‍ ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വോട്ടിനിടുകയും ചെയ്യും.
പ്രമേയം പാസാകണമെങ്കില്‍ രണ്ട് ഘട്ടമായുള്ള അംഗീകാരം ആവശ്യമാണ്. ഹാജരാകുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന അംഗങ്ങളുടെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷ സഭയുടെ ആകെ അംഗങ്ങളുടെ പകുതിയിലധികം പേരുടെയും പിന്തുണ ആവശ്യമാണ്. രണ്ട് സഭകളും ഒരുപോലെ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. അതിന് ശേഷം പ്രമേയം പ്രസിഡന്റിന് അയക്കും. രാഷ്ട്രപതിക്ക് പ്രമേയത്തില്‍ ഒപ്പുവെക്കാതെ തിരിച്ചയക്കാം.
നീക്കം ചെയ്യല്‍ അസാധ്യമോ?
സിഇസിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 1950ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ചതിന് ശേഷം ഇതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്തിട്ടില്ല. 1990 കളില്‍ ടിഎന്‍ ശേഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹത്തെ പുറത്താക്കിയില്ല. 2009ല്‍ നവീന്‍ ചൗളയെയും നീക്കം ചെയ്യാന്‍ 200 ലധികം എംപിമാര്‍ നിവദേനം സമര്‍പ്പിച്ചിരുന്നു. അതും ഫലമുണ്ടായില്ല.
ഭരണകക്ഷി പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും പ്രതിപക്ഷത്തിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എംപിമാര്‍ ഉണ്ടായിരിക്കണം. പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഇന്‍ഡ്യ മുന്നണിയ്ക്ക് പ്രമേയം പാസാക്കിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.