Missed Train Ticket: ട്രെയിൻ മിസ്സായോ? അതേ ടിക്കറ്റിൽ അടുത്ത വണ്ടിയിൽ കയറുന്നതിന് മുൻപ് ഇതറിയുക… പണം തിരികെ ലഭിക്കാൻ എന്ത് ചെയ്യണം?
TDR for a refund: റിസർവ് ചെയ്ത ട്രെയിൻ മിസ്സായാൽ പണം പൂർണ്ണമായോ ഭാഗികമായോ തിരികെ ലഭിക്കാൻ റെയിൽവേയിൽ സംവിധാനമുണ്ട്. ഇതിനായി TDR ഫയൽ ചെയ്യണം.

ട്രെയിന്‍
ന്യൂഡൽഹി: യാത്രക്കാർ തിരക്കിനിടയിലോ വ്യക്തിപരമായ കാരണങ്ങളാലോ ട്രെയിൻ മിസ്സാകുന്നത് റെയിൽവേയിൽ പതിവ് കാഴ്ചയാണ്. എന്നാൽ ട്രെയിൻ നഷ്ടമായാൽ കൈവശമുള്ള അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത വണ്ടിയിൽ യാത്ര ചെയ്യാമെന്ന് കരുതുന്നവർ ജാഗ്രത പാലിക്കണം. നിങ്ങളുടെ ടിക്കറ്റിന്റെ സ്വഭാവമനുസരിച്ച് റെയിൽവേ നിയമങ്ങളിൽ വലിയ മാറ്റങ്ങളുണ്ട്.
നിങ്ങൾ സ്ലീപ്പർ ക്ലാസ്സിലോ എസിയിലോ സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെങ്കിൽ, ആ ടിക്കറ്റ് ആ പ്രത്യേക ട്രെയിനിലെ സീറ്റിന് വേണ്ടി മാത്രമുള്ളതാണ്. ട്രെയിൻ പോയിക്കഴിഞ്ഞാൽ ആ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ യാത്ര ചെയ്താൽ ‘ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനായി’കണക്കാക്കി ടി.ടി.ഇ വൻതുക പിഴ ഈടാക്കും. നിയമനടപടികൾ നേരിടാനും സാധ്യതയുണ്ട്.
അതേസമയം, നിങ്ങൾ എടുത്തത് റിസർവേഷൻ ഇല്ലാത്ത ജനറൽ ടിക്കറ്റ് ആണെങ്കിൽ അതേ റൂട്ടിലോടുന്ന മറ്റൊരു ട്രെയിനിൽ അന്നേ ദിവസം യാത്ര ചെയ്യാൻ സാധിക്കും. നിശ്ചിത ദൂരപരിധിക്കുള്ളിൽ ആ ടിക്കറ്റിന് ആ ദിവസം സാധുതയുണ്ടായിരിക്കും.
പണം എങ്ങനെ തിരികെ ലഭിക്കും?
റിസർവ് ചെയ്ത ട്രെയിൻ മിസ്സായാൽ പണം പൂർണ്ണമായോ ഭാഗികമായോ തിരികെ ലഭിക്കാൻ റെയിൽവേയിൽ സംവിധാനമുണ്ട്. ഇതിനായി TDR ഫയൽ ചെയ്യണം. ട്രെയിൻ അതിന്റെ ചാർട്ടിംഗ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ റ്റിടിആർ സമർപ്പിച്ചിരിക്കണം. ഐ.ആർ.സി.ടി.സി (IRCTC) വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓൺലൈനായി ഫയൽ ചെയ്യാം. യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കൃത്യമായ കാരണം രേഖപ്പെടുത്തണം.
ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യാത്തവർക്ക് മാത്രമേ TDR വഴി റീഫണ്ട് ലഭിക്കാൻ അർഹതയുള്ളൂ. ട്രെയിൻ മിസ്സായാൽ അതേ ടിക്കറ്റിൽ യാത്ര ചെയ്യാൻ മുതിരാതെ, ഉടൻ തന്നെ ടി.ഡി.ആർ ഫയൽ ചെയ്യുകയും അടുത്ത യാത്രയ്ക്കായി പുതിയ ടിക്കറ്റ് എടുക്കുകയുമാണ് സുരക്ഷിതമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.