Ditwah Cyclone: ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ സംസ്ഥാനങ്ങള്‍; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു
Tamil Nadu Cyclone Alert: ഞായറാഴ്ച രാത്രിയ്ക്കും തിങ്കളാഴ്ച രാവിലെയ്ക്കും ഇടയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്.

ഡിറ്റ് വാ ചുഴലിക്കാറ്റ്
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. ശ്രീലങ്കയ്ക്ക് സമീപം നിലയുറപ്പിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നെയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് വിവരം. തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
ഞായറാഴ്ച രാത്രിയ്ക്കും തിങ്കളാഴ്ച രാവിലെയ്ക്കും ഇടയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും 16 ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരത്തേക്ക് അടുക്കുമ്പോള്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയായി കാറ്റിന്റെ വാഗം ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ ജില്ലകളില്‍ ഇന്നത്തെ ദിവസം 20 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ചെന്നൈയ്ക്ക് സമീപം ചുഴലിക്കാറ്റ് എത്തുമ്പോള്‍ 80 കിലോമീറ്റര്‍ വരെയായിരിക്കാം കാറ്റിന്റെ വേഗത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ചെന്നൈയ്ക്ക് സമീപം എത്തുമ്പോള്‍ കരയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ബംഗാള്‍ ഉള്‍ക്കടലിലൂടെ ചുഴലിക്കാറ്റ് നീങ്ങിയേക്കാം.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശം രേഖപ്പെടുത്തി. നാഗപട്ടണം, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂര്‍, പുതുകോട്ട, രാമനാഥപുരം, മധുര എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ശനി വരെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇതുവരെ 138 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കനത്ത മഴ ലഭിക്കുന്ന ഇടങ്ങളിലുള്ളവര്‍ക്ക് വീടുകളിലേക്ക് ഭക്ഷണപ്പൊതി എത്തിക്കുന്നുമുണ്ട്. കൂടാതെ വിവിധ ജില്ലകളിലെ കുടുംബങ്ങള്‍ അഞ്ച് കിലോ അരി ഉള്‍പ്പെടെ സാധനങ്ങളുള്ള കിറ്റുകളും വിതരണം ചെയ്യും.