Donald Trump Tariff Threat: ‘യുഎസ് റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു, അതിനാല്‍ ഇന്ത്യയും അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും’
India Responds To Donald Trumps' Tariff Hike: ഇന്ത്യയുടെ ഇറക്കുമതി ആഗോള വിപണി സാഹചര്യം നിര്‍ബന്ധിതമാക്കുന്ന ഒരു ആവശ്യകതയാണ്. എന്നാല്‍ അതിനെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ അത്തരം വ്യാപാരം ഒരു നിര്‍ബന്ധമുള്ള കാര്യമല്ലെങ്കില്‍ പോലും അത് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി രാജ്യം. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ആരംഭിച്ച സമയത്ത് യുഎസ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതികളെ പ്രോത്സാഹിപ്പിച്ചു. മറ്റ് രാജ്യങ്ങളെ വിലക്കുന്ന യുഎസ് ഇപ്പോഴും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ഇന്ത്യ ട്രംപിനെ ഓര്‍മിപ്പിച്ചു.
ഇന്ത്യയുടെ ഇറക്കുമതി ആഗോള വിപണി സാഹചര്യം നിര്‍ബന്ധിതമാക്കുന്ന ഒരു ആവശ്യകതയാണ്. എന്നാല്‍ അതിനെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ അത്തരം വ്യാപാരം ഒരു നിര്‍ബന്ധമുള്ള കാര്യമല്ലെങ്കില്‍ പോലും അത് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
2024ല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി 67.5 ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരം നടത്തി. 2023ല്‍ 17.2 ബില്യണ്‍ യൂറോയായി കണക്കാക്കിയ സേവന വ്യാപാരവും നടന്നിരുന്നു. ആ വര്‍ഷമോ അതിന് ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്ത വ്യാപാരത്തേക്കാള്‍ കൂടുതലാണ് ഇത്. 2024ല്‍ യൂറോപ്യന്‍ എല്‍എന്‍ജി ഇറക്കുമതി റെക്കോര്‍ഡ് 16.5 മില്യണ്‍ ടണ്ണിലെത്തി. 2022ല്‍ 15.21 മില്യണ്‍ ടണ്‍ എന്ന റെക്കോര്‍ഡും മറികടന്നുവെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല വളം, ഖനന ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, യന്ത്രങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ ആണവ വ്യവസായത്തിനായി യുറേനിയം ഹെക്ലാഫ്‌ളൂറൈഡ്, വൈദ്യുത വാഹന വ്യവസായത്തിനായി പല്ലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നു.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പരമ്പരാഗത വിതരണങ്ങള്‍ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ആ സമയത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചുവെന്നും പ്രസ്താവനയിലൂടെ രാജ്യം ചൂണ്ടിക്കാട്ടി.
ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥ പോലെ ഇന്ത്യയും അതിന്റെ ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാജ്യം യുഎസിന് മുന്നില്‍ വ്യക്തമാക്കുന്നു.