Jammu Kashmir Blast: പപ്പാ പോകരുത്…! മകള്‍ പറഞ്ഞിട്ടും കേട്ടില്ല, ശ്രീനഗറില്‍ മരിച്ചവരില്‍ തയ്യല്‍ക്കാരനും
Naugaon Police Station Explosion: മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പാരെ. പോലീസ് സേനയിലെ അംഗമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇപ്പോള്‍ ഭാവിയെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ടി വരില്ലായിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ തയ്യല്‍ക്കാരനും. 57 വയസുകാരനായ മുഹമ്മദ് ഷാഫി പാരെയാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പാക്കറ്റുകളിലാക്കി തുന്നിക്കെട്ടുന്നതിനായി, പോലീസ് വിളിച്ചിട്ടാണ് പാരെ സ്റ്റേഷനിലെത്തിയത്. മകള്‍ പോകരുതെന്ന് പറഞ്ഞിട്ടും പാരെ സ്റ്റേഷനിലെത്തുകയായിരുന്നു.
സംഭവ ദിവസം രാത്രി 9 മണിയോടെ അത്താഴം കഴിച്ച് സ്‌റ്റേഷനിലേക്ക് പോയ പാരെ പിന്നീട് തിരിച്ചുവന്നില്ല. പ്രദേശത്ത് തണുപ്പ് കൂടിയതിനാല്‍ രാത്രിയില്‍ സ്റ്റേഷനിലേക്ക് പോകേണ്ടെന്ന് മകള്‍ പാരെയെ വിലക്കിയിരുന്നു. എന്നാല്‍ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് പോകാതിരിക്കാന്‍ സാധിച്ചില്ല. താന്‍ പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് വാക്ക് നല്‍കിയാണ് പാരെ വീട്ടില്‍ നിന്നിറങ്ങിയത്, എന്നാലത് പാലിക്കാന്‍ അദ്ദേഹത്തിനായില്ല.
രാത്രിയില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടു, ഞങ്ങളെല്ലാം പോലീസ് സ്‌റ്റേഷനിലേക്ക് ഓടി. അവിടെ മുഴുവന്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരുന്നു, മൃതദേഹങ്ങളെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നു, പാരെയുടെ ബന്ധു മുഹമ്മദ് ഷാഫി ഷെയ്ഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് മണിക്കൂറോളം പാരെയെ കണ്ടെത്താന്‍ അവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം മണിക്കൂറുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയില്‍ ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നുവെന്നും ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പാരെ. പോലീസ് സേനയിലെ അംഗമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇപ്പോള്‍ ഭാവിയെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ടി വരില്ലായിരുന്നു എന്ന് പാരെയുടെ ബന്ധുവായ താരിഫ് അഹമ്മദ് ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, നൗഗാം സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നല്‍കുന്നതാണ്. വെള്ളിയാഴ്ചയാണ് പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.