Karnataka New Excise Policy: പ്രീമിയം കുപ്പികള്‍ക്ക് റെക്കോഡ് വിലയിടിവ്; സാധാരണക്കാരുടെ മദ്യത്തിന് വില കൂടും
Karnataka Revises Excise Duty Budget Liquor Becomes Costlier: അളവിന് അനുസരിച്ച് മദ്യത്തിന് നികുതി ചുമത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. ഈ മാറ്റത്തോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ മദ്യത്തിന്റെ നിരക്കുയരും. അതേസമയം, പ്രീമിയം അല്ലെങ്കില്‍ വിദേശ ബ്രാന്‍ഡുകളുടെ മദ്യത്തിന് വില കുറയുകയും ചെയ്യുന്നതാണ്.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ എക്‌സൈസ് നയം നടപ്പാക്കി സര്‍ക്കാര്‍. ഏറെനാളായി ചര്‍ച്ച ചെയപ്പെട്ടിരുന്ന നയത്തിനാണ് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം തുടര്‍ന്നുപോന്നിരുന്ന എക്‌സൈസ് നികുതി സമ്പ്രദായം ഉപേക്ഷിച്ച് അളവിന് അനുസരിച്ച് നികുതി ചുമത്തുന്ന രീതിയിലേക്ക് കര്‍ണാടക മാറിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വില്‍പന നടക്കുന്ന വിവിധ മദ്യ ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റം സംഭവിക്കും.
അളവിന് അനുസരിച്ച് മദ്യത്തിന് നികുതി ചുമത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. ഈ മാറ്റത്തോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ മദ്യത്തിന്റെ നിരക്കുയരും. അതേസമയം, പ്രീമിയം അല്ലെങ്കില്‍ വിദേശ ബ്രാന്‍ഡുകളുടെ മദ്യത്തിന് വില കുറയുകയും ചെയ്യുന്നതാണ്.
കര്‍ണാടകയുടെ പുതിയ എക്‌സൈസ് നയം
സംസ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന 16 സ്ലാബ് നികുതി സമ്പ്രദായത്തില്‍ നിന്ന് 8 സ്ലാബുകളിലേക്കാണ് എക്‌സൈസ് തീരുവ എത്തിയിരിക്കുന്നത്. സാധാരണ മദ്യത്തിന്റെ വില അതായത് 180 മില്ലി മദ്യത്തിന്റെ വില 20 മുതല്‍ 30 ശതമാനം വരെ ഇതോടെ വര്‍ധിച്ചു. പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യത്തിന് 16 മുതല്‍ 20 ശതമാനം വരെയാണ് വില കുറഞ്ഞിരിക്കുന്നത്. ഇതുവഴി പ്രാദേശിക മദ്യ നിര്‍മാതാക്കളേക്കാള്‍ ഉയര്‍ന്ന ലാഭം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേടാന്‍ സാധിക്കുമെന്ന ആശങ്കയും സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്. വില വര്‍ധനവ് സാധാരണക്കാരെ ഉള്‍പ്പെടെ പ്രീമിയം, വിദേശ ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചേക്കും. ഇതോടെ സ്വദേശി ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയും.
ഏതെല്ലാം ബ്രാന്‍ഡുകള്‍ക്ക് വില ഉയരും?
കര്‍ണാടക ബ്രൂവേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷന്‍ (കെബിഡിഎ) പറയുന്നത് അനുസരിച്ച് ആദ്യ അഞ്ച് സ്ലാബുകളിലെ അധിക എക്‌സൈസ് തീരുവ 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 63 രൂപയായിരുന്നു ക്വാര്‍ട്ടറിന്റെ വിലയെങ്കില്‍ നിലവില്‍ അത് 80 രൂപയിലാണ് വില്‍പന. എന്നാല്‍ പുതിയ നയത്തിന്റെ വരവോടെ വില 105 ലേക്കും ഉയരും.
വിസ്‌കി, റം, ബ്രാണ്ടി, വോഡ്ക തുടങ്ങിയ ബ്രാന്‍ഡുകളുടെ മദ്യമാണ് സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ഇവയൊന്നും അത്ര എളുപ്പത്തില്‍ വിലക്കുറവില്‍ വാങ്ങിക്കാനാകുന്ന മദ്യമായിരിക്കില്ല. 180 മില്ലി ക്വാര്‍ട്ടര്‍ ടെട്രാ പായ്ക്കറ്റുകളുടെയും കുപ്പികളുടെയും വിലയില്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നത്.
പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് വിലയിടിവ്
സാധാരണക്കാരന്റെ മദ്യത്തിന് വില കൂടുമ്പോള്‍ മറുവശത്ത് പ്രീമിയം മദ്യത്തിന് റെക്കോഡ് വിലയിടിവ് സംഭവിക്കുകയാണ്. ഡിയാജിയോ, പെര്‍നോഡ് റിക്കാര്‍ഡ്, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മദ്യത്തിന് 16 മുതല്‍ 20 ശതമാനം വരെ വിലയിടിയും. 6 മുതല്‍ 8 വരെ സ്ലാബുകളില്‍ വരുന്ന ഇവയുടെ അധിക എക്‌സൈസ് തീരുവ 10 മുതല്‍ 15 ശതമാനം വരെ കുറച്ചിരിക്കുകയാണ്. ഇത് വന്‍കിട കമ്പനികളെ സഹായിക്കാനാണെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
English Summary
Karnataka has implemented a new excise policy that changes liquor pricing structure. Under the revised system, prices of lower-cost alcohol brands are expected to increase, while premium brands may see a reduction in prices.