Bengaluru Traffic: ബെംഗളൂരുവിലെ ആ റോഡ് പണി തീര്‍ന്നു; ഉദ്ഘാടനം ഉടന്‍
Big Boost to Bengaluru Traffic Hennur Bagalur Road Ready for Launch: 2025 ഏപ്രിലിലാണ് ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെറും 11 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 86.29 കോടി രൂപയും വകയിരുത്തി. എന്നാല്‍ പദ്ധതി വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിട്ടു.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബെംഗളൂരു നിവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. മാസങ്ങള്‍ നീണ്ട തടസങ്ങള്‍ക്ക് അറുതിവീണു, അതെ ബെംഗളൂരു നഗരത്തിലെ യാത്ര അതിവേഗമാക്കാന്‍ പുതിയ റോഡ് തുറക്കാന്‍ പോകുന്നു. ഹെന്നൂര്‍-ബാഗലൂര്‍ റോഡാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ പോകുന്നത്. 5.5 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം.
ദീര്‍ഘനാളായി റോഡിന്റെ വൈറ്റ് ടോപ്പിങ് ജോലി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിപ്പോള്‍ അവസാനഘട്ടത്തിലാണ്. പ്രധാന കാരിയേജ് വേ മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. ജൂണില്‍ പാത തുറന്നുകൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഹെന്നൂര്‍-ബാഗലൂര്‍ റോഡ്
2025 ഏപ്രിലിലാണ് ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെറും 11 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 86.29 കോടി രൂപയും വകയിരുത്തി. എന്നാല്‍ പദ്ധതി വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിട്ടു.
പദ്ധതിക്കായി ട്രാഫിക് പോലീസിന്റെ അനുമതി പരിമിതമായിരുന്നതിനാല്‍, ചെറിയ ഭാഗത്ത് മാത്രമേ തുടക്കത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായുള്ളൂ. ചെറിയ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ പാത തുറന്നുനല്‍കിയതിന് ശേഷം മാത്രമേ മറ്റിടത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇതിന് പുറമെ, രാത്രികാലങ്ങളില്‍ മാത്രം പ്രവൃത്തി നടന്നതും കാലതാമസത്തിന് കാരണമായി. കഴിഞ്ഞ നാല് മാസത്തിനുള്ളിലാണ് നിര്‍മാണത്തില്‍ വേഗത കൈവരിക്കാന്‍ സാധിച്ചത്. അനുമതികള്‍ വിശാലമായി നല്‍കിയത് തന്നെയാണ് കാരണം. റോഡിന്റെ പകുതിഭാഗം വരെ ഒരുമിച്ച് ജോലികള്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെ പാതയുടെ നിര്‍മാണം വേഗത്തില്‍ അവസാനഘട്ടത്തിലേക്ക് അടുത്തി.
ഹെന്നൂര്‍ ക്രോസ് മുതല്‍ ബാഗലൂര്‍ ക്രോസ് വരെയുള്ള 5.5 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് നിയമസഭ മണ്ഡലങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അതിനാല്‍ ഒരു പ്രധാന പാതയായും പ്രവര്‍ത്തിക്കുന്നു. പാതയുടെ ഒരു ഭാഗത്ത് 4.2 കിലോമീറ്ററിന്റെയും ഒരു വശത്ത് 2.2 കിലോമീറ്ററിന്റെയും നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയായത്.
റോഡിന്റെ ജോലികള്‍ നടക്കുന്നതിനോടൊപ്പം ഫുട്പാത്തുകളുടെയും ബഫര്‍ സോണുകളുടെയും നിര്‍മാണവും നടക്കുന്നുണ്ട്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും വിധത്തില്‍ തന്നെയാണ് പാതയുടെ വരവ്. പാതയുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കും യാത്രാ സമയവും കുറയും.
Also Read: Namma Metro: മെട്രോയ്ക്കും ബിഎംടിസി ബസിനും ഇനി ഒറ്റ കാര്‍ഡ്; ബെംഗളൂരു ആകെ മാറി
ഹെന്നൂര്‍-ബാഗലൂര്‍ റോഡ് വൈറ്റ് ടോപ്പിങ് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയത് യാത്രക്കാര്‍ക്ക് പകരുന്നത് വലിയ ആശ്വാസമാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതത്തിന് പുത്തന്‍ മുഖം സമ്മാനിക്കാനും പാതയ്ക്ക് സാധിക്കും.
ഉദ്ഘാടനം എന്ന്?
ഹെന്നൂര്‍-ബാഗലൂര്‍ റോഡിന്റെ ഉദ്ഘാടനം ജൂണ്‍ 15 ഓടെ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ജൂണ്‍ 15നുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഈ പാത തുറക്കുന്നതോടെ ബെംഗളൂരു നിവാസികളുടെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകും. എന്നാല്‍ ഈ പാത മാത്രം ശരിയായാല്‍ പോരെന്ന നിലപാടിലാണ് യാത്രക്കാര്‍, ബെംഗളൂരുവിലേക്ക് മറ്റ് പാതകളുടെ നിര്‍മാണവും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് അവര്‍ പറയുന്നു.