Mamata Banerjee: മമത രാജിവെച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
Mamata Banerjee refuses to resign despite election defeat: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് ആരോപിച്ചാണ് രാജിവെയ്ക്കാന്‍ മമത വിസമ്മതിക്കുന്നത്. മമത രാജിവെച്ചില്ലെങ്കില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അവരെ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമതയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി.

മമത ബാനർജി
കൊല്‍ക്കത്ത, 6-5-2026: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയുടെ നിലപാട്. തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് ആരോപിച്ചാണ് രാജിവെയ്ക്കാന്‍ മമത വിസമ്മതിക്കുന്നത്. “ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല. ഞാൻ രാജിവയ്ക്കില്ല. രാജ്ഭവൻ സന്ദർശിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല,” പാർട്ടി അംഗങ്ങളായ ഡെറക് ഒബ്രിയാൻ, അഭിഷേക് ബാനർജി എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മമത വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കുന്നതാണ് കീഴ്വഴക്കം. ഈ പതിവാണ് മമത ലംഘിച്ചത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ‘നേരിട്ട് ഇടപെടുക’യാണെന്നും എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് ഈ തിരഞ്ഞെടുപ്പിലെ വില്ലനെന്നും മമത ആരോപിച്ചു.
പാർട്ടി പരാജയപ്പെട്ടാലും രാജിവയ്ക്കില്ലെന്ന മമത ബാനർജിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മമതയുടെ നിലപാട് അരാജകത്വം ആണെന്നും, ജനാധിപത്യത്തിനെതിരാണെന്നും ബിജെപി വിമര്‍ശിച്ചു. സമാധാനപരമായ അധികാര കൈമാറ്റ തത്വത്തെ മമത അട്ടിമറിക്കുന്നുവെന്നാണ് വിമര്‍ശനം. മമത ബാനർജിയുടെ നിലപാട് ആശങ്കാജനകമാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പറഞ്ഞു.
Also Read: West Bengal Election 2026 : ‘ഞാൻ രാജിവെക്കില്ല’; ബംഗാളിൽ തൃണമൂൽ തോറ്റിട്ടില്ലെന്ന് മമത ബാനർജി
അന്വേഷണം നടത്തും
വസ്തുതാന്വേഷണം നടത്തുമെന്നും, പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് ശേഷം അടുത്ത നടപടികൾ തീരുമാനിക്കുമെന്നുമാണ് മമതയുടെ പ്രഖ്യാപനം. എന്നാല്‍ രാജിവെച്ചില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു തുടരുക മമതയ്ക്ക് അത്ര എളുപ്പമാകില്ല.
‘മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കും, മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കും. ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാം’ എന്നാണ് ഭരണഘടന പറയുന്നത്. സാങ്കേതികമായി പറഞ്ഞാൽ, ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. എങ്കിലും ഇത് ഏകപക്ഷീയമായ നടപടിയാകാതിരിക്കാൻ വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്.
ഗവർണറുടെ അധികാരം പ്രാഥമികമായി മന്ത്രിസഭയുടെ “സഹായത്തിലും ഉപദേശത്തിലും” നിന്നാണ് ലഭിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിവിധ വിധികൾ വ്യാഖ്യാനിച്ചിട്ടുമുണ്ട്. നിയമസഭയുടെ കാലാവധി നിലനിൽക്കെ ഗവർണർ ഒരു മുഖ്യമന്ത്രിയോട് പടിയിറങ്ങാൻ ആവശ്യപ്പെടുകയും മറ്റൊരു വ്യക്തിയെ ആ പദവിയിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണം.
സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, 356-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധിക്കും. മമത രാജിവയ്ക്കാൻ വിസമ്മതിച്ചാൽ, ഗവർണർക്ക് അവരുടെ രാജി ആവശ്യപ്പെടാം. നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കുന്നതിനാല്‍ വലിയ തടസങ്ങളും ഉണ്ടാകില്ല.
പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
മമത രാജിവെച്ചില്ലെങ്കില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അവരെ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് മമതയുമായി രവി സംസാരിക്കാനാണ് സാധ്യത. സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് കേന്ദ്ര സേനയ്ക്ക് നല്‍കിയ നിര്‍ദ്ദേശം.
ഓരോ സംസ്ഥാനത്തെയും നിയമസഭ, നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ, അതിന്റെ ആദ്യ യോഗം ചേരുന്ന തീയതി മുതൽ അഞ്ച് വർഷം വരെ തുടരും. അഞ്ച് വർഷ കാലാവധി കഴിയുന്നതോടെ നിയമസഭ സ്വയമേവ റദ്ദാക്കപ്പെടും. ബംഗാൾ നിയമസഭയുടെ നിലവിലെ കാലാവധി 2021 മെയ് 8-നാണ് ആരംഭിച്ചത്. ഇത് മെയ് 7-ന് അവസാനിക്കും. ഇതിനു ശേഷം പുതിയ സര്‍ക്കാരിനുള്ള നടപടിക്രമങ്ങള്‍ ഗവര്‍ണര്‍ ആരംഭിക്കാനാണ് സാധ്യത.
English Summary
Mamata Banerjee has refused to resign as Chief Minister. She claims the election was unfair. According to the Constitution, a Governor can legally dismiss a CM who lacks a majority. Since the BJP won 207 seats, a new government must be formed before the Assembly’s tenure expires.