India-Canada relations: വീണ്ടും കൈ കോര്‍ത്ത് ഇന്ത്യയും കാനഡയും; ഇരുരാജ്യങ്ങളുടെയും ബന്ധം ജനാധിപത്യ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മോദി
PM Narendra Modi meets Mark Carney: ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തം, വാണിജ്യ ബന്ധങ്ങൾ, സാമ്പത്തിക വളർച്ചയിലെ പങ്കാളിത്തം തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ചയായി. പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു

നരേന്ദ്ര മോദിയും, മാര്‍ക്ക് കാര്‍ണിയും
ഒട്ടാവ: നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യയും കാനഡയും. ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ വർഷം ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലയളവിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച കാനഡയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദിയും കാര്‍ണിയും ചര്‍ച്ച നടത്തിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തം, വാണിജ്യ ബന്ധങ്ങൾ, സാമ്പത്തിക വളർച്ചയിലെ പങ്കാളിത്തം തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ചയായി. വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഊർജ്ജ സുരക്ഷ, എഐയുടെ ഭാവി, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
Concluding a productive Canada visit. Thankful to the Canadian people and Government for hosting a successful G7 Summit, which witnessed fruitful discussions on diverse global issues. We remain committed to furthering global peace, prosperity and sustainability.
— Narendra Modi (@narendramodi) June 18, 2025
Read Also: Narendra Modi: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി കാനഡയില്‍
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ‘എക്‌സി’ലെ കുറിപ്പില്‍ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് നേതാക്കൾക്ക് മോദി നന്ദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ആഗോള നടപടി ശക്തിപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
2023-ൽ ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണം. എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിച്ചു. ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കാൻ ട്രൂഡോ സർക്കാർ അനുമതി നൽകുന്നുവെന്നായിരുന്നു ഇന്ത്യയുടെ ആരോപണം.