Narendra Modi: മോദിയുടെ ജീവിതം തുറന്നുകാട്ടാന്‍ ഡല്‍ഹി നിയമസഭ; പ്രദര്‍ശനം ഒക്ടോബര്‍ രണ്ട് വരെ
PM Narendra Modi 75th birthday: മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 15 ദിവസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക കാമ്പെയ്‌നായ 'സേവാ പഖ്‌വാഡ'യ്‌ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം രക്തദാന ക്യാമ്പുകൾ, ശുചിത്വ ഡ്രൈവുകൾ, പ്രദർശനങ്ങൾ എന്നിവ ബിജെപി സംഘടിപ്പിക്കും

നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നിയമസഭ അദ്ദേഹത്തിന്റെ ‘ജീവിതയാത്ര’ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ‘നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയുക’ എന്ന പേരിലാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിധാൻസഭാ പരിസരത്ത് പൊതുജനങ്ങൾക്കായി ഒക്ടോബർ 2 വരെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഡല്‍ഹി സ്പീക്കര്‍ വിജേന്ദർ ഗുപ്ത പറഞ്ഞു. പ്രദര്‍ശനം ഒരു ആഘോഷം മാത്രമല്ലെന്നും, പുതിയ ഇന്ത്യയുടെ കഥയില്‍ നിന്ന് വേര്‍തിരിക്കാനാകാത്ത ദാര്‍ശനികനായ നേതാവിനോടുള്ള ആദരവാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ജനങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നേതൃസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയുടെ യാത്ര ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും വിജേന്ദർ ഗുപ്ത അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഒരു പ്രത്യേക പുസ്തക ഗാലറി അസംബ്ലി ലൈബ്രറിയില്‍ ഒരുക്കും.
ജീവചരിത്രങ്ങൾ, പ്രസംഗങ്ങൾ, സബ്കാ സാത്ത്, സബ്കാ വികാസ്, മൻ കി ബാത്ത് തുടങ്ങിയ സമാഹാരങ്ങളും അദ്ദേഹത്തിന്റെ നയങ്ങളെയും അന്താരാഷ്ട്ര ഇടപെടലുകളെയും കുറിച്ചുള്ള പുസ്തകങ്ങളും ലൈബ്രറിയിലുണ്ടാകും. മോദിയുടെ ചിന്തകളെയും സംഭാവനകളെയും കുറിച്ച് നിയമസഭാംഗങ്ങൾക്കടക്കം ഉള്‍ക്കാഴ്ച നല്‍കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രിയുടെ ‘ഏക് പെഡ് മാ കേ നാം’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി, നിയമസഭാ പരിസരത്ത് വൃക്ഷത്തൈ നടും. വളർച്ച, സുസ്ഥിരത, ഭാവി തലമുറകളോടുള്ള ഉത്തരവാദിത്തം എന്നിവയോടുള്ള പ്രതീകമായാണ് വൃക്ഷത്തൈ നടുന്നത്. പ്രദര്‍ശനത്തിന് മുന്നോടിയായി എക്‌സിബിഷന്‍ ഹാള്‍ സ്പീക്കര്‍ പരിശോധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ക്രമീകരണങ്ങള്‍ വിലയിരുത്തി.
പ്രദര്‍ശനം കാണാന്‍ എല്ലാ എംഎല്‍എമാരെയും അദ്ദേഹം ക്ഷണിച്ചു. എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നതിനായി പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എംഎല്‍എമാരോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ യാത്രയുമായി ജനങ്ങൾക്ക് ബന്ധപ്പെടാനും രാഷ്ട്രനിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനം മനസ്സിലാക്കാനും ഇതുവഴി സഹായിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം, മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 15 ദിവസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക കാമ്പെയ്‌നായ ‘സേവാ പഖ്‌വാഡ’യ്‌ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം രക്തദാന ക്യാമ്പുകൾ, ശുചിത്വ ഡ്രൈവുകൾ, പ്രദർശനങ്ങൾ എന്നിവ ബിജെപി സംഘടിപ്പിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കാമ്പെയ്‌ന്‍ നടക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.