Namma Metro: 8 മിനിറ്റിനുള്ളില്‍ മെട്രോയെത്തും; പുതിയ ട്രെയിനെത്തി, കാത്തിരിപ്പ് സമയം കുറഞ്ഞു
Bengaluru Namma Metro Yellow Line: 8 ട്രെയിനുകള്‍ എത്തുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം 8 മുതല്‍ 10 മിനിറ്റ് വരെ കുറയുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വ്യക്തമാക്കുന്നു.

നമ്മ മെട്രോ
ബെംഗളൂരു: യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമൊരുക്കി നമ്മ മെട്രോ. മെട്രോ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്കാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. യെല്ലോ ലൈനിലേക്ക് ഏഴാമത്തെ ട്രെയിനും എത്തി. നിലവില്‍ അഞ്ച് ഡ്രൈവറില്ലാ ട്രെയിനുകളാണ് ഇവിടെ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. 2026 ജനുവരി അവസാനത്തോടെ ആകെ 8 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.
8 ട്രെയിനുകള്‍ എത്തുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം 8 മുതല്‍ 10 മിനിറ്റ് വരെ കുറയുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വ്യക്തമാക്കുന്നു.
ഏഴാമത്തെ ട്രെയിനുമെത്തി
ഡിസംബര്‍ 10ന് കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നിന്ന് പുറപ്പെട്ട ഏഴാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയത്. ജനുവരിയില്‍ ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ 5 മെട്രോ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
അതേസമയം, ടിറ്റാഗഡ് റെയില്‍ സിസ്റ്റം ലിമിറ്റഡില്‍ നിന്നുള്ള ആറാമത്തെ ട്രെയിന്‍ നേരത്തെ നഗരത്തില്‍ എത്തിയിരുന്നു. ഈ ട്രെയിന്റെ പരീക്ഷണയോട്ടവും മറ്റ് പരിശോധനകളും ഇതിനോടകം പൂര്‍ത്തിയായതായാണ് വിവരം. ഡിസംബര്‍ 22ന് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.
എട്ടാമത്തെ ട്രെയിന്‍
ഡിസംബര്‍ അവസാനത്തോടെ എട്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഡിസംബര്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് വിവരം. ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം ജനുവരിയില്‍ ആരംഭിക്കും. ജനുവരി അവസാനത്തോടെ ഈ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്.