Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറും
Malayali Among the Deceased in Air India Crash: ലണ്ടനിൽ ജോലി ചെയ്യുന്ന ഇവർ നാട്ടിൽ സ്ഥിര ജോലി ലഭിച്ചതിനെ തുടർന്ന് അതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. തുടർന്ന്, സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് തിരിച്ച് ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

രഞ്ജിത ഗോപകുമാർ, അഹമ്മദാബാദ് വിമാനാപകടം
പത്തനംതിട്ട: അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായരും. ജില്ലാ കളക്ടർ ഇക്കാര്യം സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ ജോലി ചെയ്യുന്ന ഇവർ നാട്ടിൽ സ്ഥിര ജോലി ലഭിച്ചതിനെ തുടർന്ന് അതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. തുടർന്ന്, സർക്കാർ ജോലിയിൽ നിന്ന് അവധിക്ക് അപേക്ഷിച്ച് തിരിച്ച് ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ലണ്ടനിലെ ജോലി സ്ഥലത്തേക്ക് തിരികെ പോകാനായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പുറപ്പെട്ടത്. രഞ്ജിത വിമാനത്തിൽ ഉണ്ടായിരുന്ന വിവരം വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചതായി പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് പറഞ്ഞു. ഇന്നലെ തിരുവല്ലയിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ പോയ രഞ്ജിത അവിടെ നിന്ന് വിമാനത്തിൽ അഹമ്മദാബാദിൽ എത്തി. അവിടെ നിന്നും അപകടത്തിൽ പെട്ട എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ ലണ്ടനിലേക്ക് പോകാൻ ആണ് നിശ്ചയിച്ചിരുന്നത്. പുറത്തുവന്ന പാസഞ്ചർ ലിസ്റ്റിൽ ഇവരുടെ പേരുണ്ടായിരുന്നു.
രഞ്ജിത ലണ്ടനിൽ ജോലി ചെയ്ത് വരികയായിരുന്നു. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അവധി എടുത്ത് ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് പൊതുപ്രവർത്തകനായ അനീഷ് വ്യക്തമാക്കി. പത്തിലും ഏഴിലും പഠിക്കുന്ന രണ്ടു മക്കളും അമ്മയുമായാണ് വീട്ടിൽ ഉള്ളത്. ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.