ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക്; യാത്രാ ദുരിതം മാറിയില്ലേ?
Bengaluru-Kozhikode Train Update: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്ക് ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.
ബെംഗളൂരു: മലബാറുകാരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താനൊരുങ്ങി കേന്ദ്ര റെയില്‍വേ മന്ത്രാലയം. മംഗളൂരു വഴി പോകുന്ന ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടുന്നു. എന്നാല്‍ റെയില്‍വേയുടെ ഈ നീക്കത്തിനെതിരെ ദക്ഷിണ കന്നഡയിലെ യാത്രക്കാര്‍ രംഗത്ത്. നിലവില്‍ വലിയ തിരക്കനുഭവപ്പെടുന്ന ട്രെയിന്‍ സര്‍വീസ് നീട്ടുന്നത്, കൂടുതല്‍ തിരക്കിന് കാരണമാകുമെന്നാണ് അവരുടെ വാദം.
കണ്ണൂരിന് ഇപ്പുറത്തേക്ക് പ്രത്യേക സര്‍വീസുകള്‍ അനുവദിക്കണമെന്നാണ് ദക്ഷിണ കന്നഡയിലെ യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റെയില്‍വേ ഈ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടാതിരുന്നാല്‍ അത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്ക് ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ റെയില്‍വേ ഇതുവരെ നടത്തിയിട്ടില്ല.
എന്നാല്‍ ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുകയാണ് ബെംഗളൂരു-കണ്ണൂര്‍ ട്രെയിനിന്റെ ലക്ഷ്യമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. ദക്ഷിണ കന്നഡ ജില്ലയിലെ യാത്രക്കാരുടെ കൂട്ടായ്മയായ ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് റെയില്‍ വഴിയാണ് പ്രതിഷേധം.
Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
ട്രെയിന്‍ നമ്പര്‍ 16511/12 കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ കോഴിക്കോട്ടേക്ക് നീട്ടാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. എന്നാല്‍ കോഴിക്കോടിനും ബെംഗളൂരുവിനും ഇടയില്‍ യാത്ര സൗകര്യം വേണമെങ്കില്‍ അത് സേലം വഴി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചുകൊണ്ട് സാധ്യമാക്കട്ടെ എന്ന് യാത്രക്കാര്‍ പറയുന്നു.
അതേസമയം, റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ട്രെയിന്‍സ് അറ്റ് എ ഗ്ലാന്‍സ് 2026 പ്രസിദ്ധീകരണം അനുസരിച്ച് കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.