Bharat Mata Controversy: ഭാരതാംബ വിവാദം; ഫേസ്ബുക്ക് പോസ്റ്റിട്ട ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Bharat Mata Controversy Updates: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് പ്രമോദ് പോസ്റ്റിട്ടത്. ഇയാളെ സസ്‌പെന്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇടത് സംഘടനകള്‍.

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട എസ്എഫ്‌ഐ പ്രതിഷേധം (ചിത്രം പ്രതീകാത്മകം)
കൊച്ചി: ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഐഎസ്ആര്‍ഒ സ്റ്റാഫ്ഫ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെക്രട്ടറിയുമായ ജിആര്‍ പ്രമോദിനെയാണ് സസ്‌പെന്റ് ചെയ്തത്.
കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് പ്രമോദ് പോസ്റ്റിട്ടത്. ഇയാളെ സസ്‌പെന്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇടത് സംഘടനകള്‍.
ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കെടാ, പശു ആണോ അമ്മ, അല്ലെങ്കില്‍ കാവി കോണകം പിടിച്ച സ്ത്രീയാണോ എന്നായിരുന്നു പ്രമോദിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. പോസ്റ്റ് വിവാദമായതോടെ ബിഎംഎസ് ആഭിമുഖ്യത്തിലുള്ള തപാല്‍ ജീവനക്കാരുടെ സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും ഐഎസ്ആര്‍ഒ ഡയറക്ടര്‍ക്കും പരാതി അയച്ചു.
പ്രമോദിനെതിരെ നടപടി വൈകുന്നതില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് പ്രതിഷേധം ശക്തമായിരുന്നു. സമ്മര്‍ദം ശക്തമായതോടെ തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പ്രോജക്ട് അക്കൗണ്ട്‌സ് സീനിയര്‍ അസിസ്റ്റന്റായ പ്രമോദിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചു.
Also Read: Kerala Nipah Death: നിപ മരണം; 14 പേർ ഹൈയസ്റ്റ് റിസ്‌കിൽ, സമ്പർക്കപ്പട്ടികയിൽ ആകെ 497 പേർ
പിന്നാലെ തിരുവനന്തപുരം വലിയമലയിലേക്ക് സ്ഥലംമാറ്റി. വെള്ളിയാഴ്ച അവിടെ ജോലിക്ക് പ്രവേശിച്ച പ്രമോദിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. പ്രമോദിന്റെ സസ്‌പെന്‍ഷനെതിരെ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജനറല്‍ പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.