City Bus Controversy: ‘ബസുകൾ ഇടാൻ സ്ഥലം കണ്ടെത്തി, രണ്ടെണ്ണം മേയർക്ക് പൈലറ്റ് പോകാൻ’; വി.വി. രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ
City Bus Controversy Updates: കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ലെന്നും ഗായത്രി കുറിച്ചു.

സിറ്റി ബസ് വിവാദം
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ബസുകൾ പാർക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. ബസ് ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് മേയർക്ക് പൈലറ്റ് പോകുമെന്നും ഗായത്രി കുറിച്ചു.
സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു തലസ്ഥാന നഗരം, വളരെ ആക്‌സസിബിൾ ആയിരിക്കണം. കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ലെന്നും ഗായത്രി കുറിച്ചു.
കേന്ദ്ര പദ്ധതിയിൽ നിന്നാണ് കോർപ്പറേഷൻ ബസുകൾ വാങ്ങിയതെന്ന് പറയാൻ കഴിയില്ലെന്നും അറുപത് ശതമാനം വിഹിതവും സർക്കാരിന്റേതാണെന്നും കഴിഞ്ഞ ദിവസം ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.
തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. പക്ഷേ, ബസുകൾ അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആർടിസിയുടെ ഡിപ്പോയിൽ പറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് നിൽക്കുകയാണ് മേയര്‍ വിവി രാജേഷ്. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരം. അതിന് കെഎസ്ആർടിസി തയ്യാറാകണം. കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യുകയും പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകും. ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.