Kochi Ship Accident: ചരക്കുകപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു; ജാഗ്രതാ നിര്‍ദേശം
Container Hits Cheriyazheekal Shore: അറുനൂറോളം കണ്ടെയ്‌നറുകളാണ് കൊച്ചി പുങ്കടലില്‍ ചെരിഞ്ഞ എംഎസ്‌സി 3 എന്ന കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീര മേഖലകളിലാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ദി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചിരുന്നു.

മുങ്ങിയ കപ്പല്‍
കൊല്ലം: കൊച്ചിയില്‍ മുങ്ങിയ ചരക്കുകപ്പിലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. കടല്‍ ഭിത്തി ഇടിച്ചുനില്‍ക്കുന്ന നിലയിലായിരുന്നു കണ്ടെയ്‌നര്‍. കണ്ടെയ്‌നര്‍ കണ്ടെത്തിയത് ജനവാസ മേഖലയ്ക്കടുത്തായതിനാല്‍ സമീപത്തെ വീടുകളിലുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചു. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്നനിലയിലാണെന്നാണ് വിവരം.
അറുനൂറോളം കണ്ടെയ്‌നറുകളാണ് കൊച്ചി പുങ്കടലില്‍ ചെരിഞ്ഞ എംഎസ്‌സി 3 എന്ന കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീര മേഖലകളിലാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ദി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് കപ്പല്‍ മുങ്ങിയത്. അന്നേ ദിവസം 26 ഡിഗ്രി ചെരിഞ്ഞ് വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50 ആയപ്പോഴേക്ക് പൂര്‍ണമായും മുങ്ങുകയായിരുന്നു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
73 ഒഴിഞ്ഞ കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ 623 കണ്ടെയ്‌നറുകളാണ് ആകെ കപ്പലിലുണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡുമായിരുന്നു. ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മെട്രിക് ടണ്‍ ഡീസല്‍, ഫര്‍ണസ് ഓയില്‍ എന്നിവയും കപ്പലിലുണ്ടായിരുന്നു.
വെള്ളത്തില്‍ മുങ്ങിയ 25 കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും കപ്പലില്‍ നിന്നുണ്ടായ ഹെവി ഫ്യുവല്‍ ഓയില്‍ ചോര്‍ച്ചയും കടല്‍ തീരത്ത് ഭീഷണി ഉയര്‍ത്തുന്നു. കപ്പലില്‍ നിന്നുള്ള വസ്തുക്കളാണെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞാല്‍ തൊടരുത്, അടുത്ത് പോകരുതെന്നും അപ്പോള്‍ 112ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.