R Sreelekha: മേയർ ആക്കാനാണ് മത്സരിപ്പിച്ചത്, പോടാ പുല്ലേ പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത് ; ശ്രീലേഖ
R Sreelekha: മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ കളത്തിൽ ഇറക്കിയത് എന്നും എന്നാൽ തിരഞ്ഞെടുപ്പിനുശേഷം എന്തോ കാരണം പറഞ്ഞുകൊണ്ട്...
തിരുവനന്തപുരം മെയർ സ്ഥാനം തനിക്ക് നൽകാത്തതിന്റെ പേരിൽ ബിജെപി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖ രംഗത്ത്. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ കളത്തിൽ ഇറക്കിയത് എന്നും എന്നാൽ തിരഞ്ഞെടുപ്പിനുശേഷം എന്തോ കാരണം പറഞ്ഞുകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു. പാർട്ടിയുടെ ഈ തീരുമാനത്തിനോട് പോടാ പുല്ലേ എന്ന് പറഞ്ഞത് എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ. ഒരു ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് ആർ ശ്രീലേഖയുടെ പ്രതികരണം.
അവസാനം നിമിഷം വരെ തിരുവനന്തപുരം മേയർ ആര് എന്ന ചോദ്യത്തിന് ആർ ശ്രീലേഖയുടെ പേരും ഉയർന്നുവന്നിരുന്നു. എന്നാൽ അവസാന നിമിഷത്തിലാണ് വി വി രാജേഷിനെ മെയറായും ഡെപ്യൂട്ടി മേയറായി ആശാ നാഥിനെയും തിരഞ്ഞെടുത്തത്. ഇതിനോടുള്ള അതൃപ്തി നേരത്തെ തന്നെ ശ്രീലേഖ കാണിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ശ്രീലേഖ വേദി വിട്ടു പോയത് ചർച്ചയായിരുന്നു. എന്നാൽ താൻ വേദി വിട്ടു പോയത് അതൃപ്തിയുടെ ഭാഗമായി അല്ല ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാൻ ആയിരുന്നു എന്നാണ് ശ്രീലേഖയുടെ പ്രതികരണം.
എന്നാൽ ഇപ്പോൾ വീണ്ടും തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി കൊണ്ട് രംഗത്തെത്തുകയാണ് ശ്രീലേഖ. തന്നെ തിരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറായി നിർത്താൻ അല്ല മേയർ ആക്കും എന്ന വാഗ്ദാനത്തിന്റെ പുറത്താണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിച്ചത്. ഈ തിരഞ്ഞെടുപ്പിന്റെ മുഖം താനാകുമെന്ന് കേട്ടപ്പോഴാണ് സമ്മതം മൂളിയത്.. സ്ഥാനാർത്ഥികൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും പറഞ്ഞിരുന്നു താൻ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്. അത്തരത്തിലാണ് പാർട്ടി പ്രചാരണവും നടത്തിയത്. മാധ്യമങ്ങളിലും ചർച്ചകൾക്ക് വിട്ടത് തന്നെയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എന്തുകൊണ്ട് സാഹചര്യം എല്ലാം മാറി. രാഷ്ട്രീയമാകുമ്പോൾ ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ച് മാറാം. കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു എന്ന് തന്നോട് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാൻ എനിക്ക് സാധിക്കില്ല. കാരണം തന്നെ ജയിപ്പിച്ച കുറെ ആൾക്കാർ ഇവിടെയുണ്ട്. അവരോടുള്ള ആത്മാർത്ഥതയും കൂറും ഉള്ളതുകൊണ്ടാണ് അഞ്ചുവർഷത്തേക്ക് തുടരാമെന്ന് തീരുമാനിച്ചിരിക്കുന്നത്. ചിലപ്പോൾ അത് നല്ലതിനായിരിക്കും എന്നും ശ്രീലേഖ പ്രതികരിച്ചു.