PJ Francis : മുൻ കോൺഗ്രസ് എംഎൽഎ പിജെ ഫ്രാൻസിസ് അന്തരിച്ചു; മാരാരിക്കുളത്ത് വിഎസിനെ അട്ടിമറിച്ചതിലൂടെ ശ്രദ്ധേയൻ
PJ Francis Death : 88-ാം വയസിൽ പ്രായാധിക്യത്തെ തുടർന്നായിരുന്നു അന്ത്യം. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡൻ്റായിട്ടും പ്രവർത്തിച്ചിട്ടുണ്ട്.

Pj Francis
ആലപ്പുഴ : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്നു പിജെ ഫ്രാൻസിസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ജൂൺ 18-ാം തീയതി ബുധനാഴ്ച രാത്രിയിൽ ആലപ്പുഴയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. 1996 നിയമസഭ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്നുമാണ് പിജെ ഫ്രാൻസിസ് നിയമസഭ പ്രതിനിധീകരിച്ചത്. പ്രബലനായ സിപിഎം നേതാവ് വി എസ് അച്യുതാനന്ദനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഫ്രാൻസിസ് നിയമസഭയിലേക്കെത്തുന്നത്.
1987ലും 91ലും അരൂരിൽ വെച്ച് കെ ആർ ഗൗരിയമ്മയോട് തോറ്റ ഫ്രാൻസിസ് തൻ്റെ മൂന്നാമങ്കത്തിലാണ് വിഎസിനെതിരെ ജയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന മാരാരിക്കുളത്ത് 1965 വോട്ടിനാണ് ഫ്രാൻസിസ് ജയിച്ച നിയമസഭയിലേക്ക് വണ്ടി കയറിയത്. അന്ന് എൽഡിഎഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു വിഎസ്. വിഎസ് തോൽക്കുകയും തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുകയും ചെയ്തതോടെ ഇകെ നയനാർ വീണ്ടും മുഖ്യമന്ത്രിയായി. അതിന് ശേഷമാണ് വിഎസ് തൻ്റെ രാഷ്ട്രീയ തട്ടകം ആലപ്പുഴയിൽ നിന്നും പാലക്കാട് മലമ്പുഴയിലേക്ക് മാറ്റുന്നത്. പിന്നീട് 2001ൽ മാരാരിക്കുളത്ത് വീണ്ടും മത്സരിച്ചപ്പോൾ ഫ്രാൻസിസ് ടി എം തോമസ് ഐസക്കിനോട് തോറ്റു.
1937ൽ പിജി ജ്യൂസിങ്ങിൻ്റെയു പിജെ റെബേക്കായുടെയും മകനായി ജനിച്ചു. എൽഎൽബി ബിരുദത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ആലപ്പഴ മുനിസിപ്പൽ കൗൺസിലർ, ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ, ആലപ്പുഴ ഡിസിസി വൈസ് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.