Kerala Assembly Election 2026: കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ രണ്ടാം വാരത്തോടെ, ഒറ്റഘട്ടമായി നടത്താൻ നീക്കം
Kerala Assembly Election On April: കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ചർച്ച നടത്തിയത്.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election) ഒറ്റഘട്ടമായി ഏപ്രിലിൽ രണ്ടാംവാരത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് ഏഴിന് മുൻപായി നടത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ചർച്ച നടത്തിയത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ALSO READ: ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനും ഗോവർധനും നിർണായകം, ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
2023-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാനദണ്ഡമനുസരിച്ചുള്ള കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് സമയത്ത് അനുവദിക്കണമെന്നാണ് കേരളത്തിന് വേണ്ടി ചർച്ചയിൽ ഹാജരായ സിഇഒ രത്തൻ യു ഖേൽക്കർ ആവശ്യപ്പെട്ടത്. ഫെബ്രുവരി ആദ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ അഞ്ച് സംസ്ഥാനത്തും പര്യടനം നടത്തിയേക്കും.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ക്ഷീണം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കുമോ എന്നതാണ് ഭരണപക്ഷത്തിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ പറ്റിയ തെറ്റുകൾ മനസ്സിലാക്കി പടപൊരുതാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി നേതൃത്വം. ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും ചേർന്നുള്ള ശക്തമായ പോരാട്ടമാണ് ഇക്കുറി കേരളം കാണാനിരിക്കുന്നത്.