Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനും ഗോവർധനും നിർണായകം, ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Sabarimala Gold Scam Update: ഇരുവരുടെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ സംഭാവനകൾ നൽകാറുണ്ടെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധനൻ്റെ ഹർജിയിൽ പറയുന്നത്.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala Gold Scam) റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറും ഇന്ന് നിർണായകം. ഇരുവരുടെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ സംഭാവനകൾ നൽകാറുണ്ടെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധനൻ്റെ ഹർജിയിൽ പറയുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അപ്പോൾ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും ഗോവർദ്ധൻ വാദിക്കുന്നു. ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ലെന്നും ഹർജിയിൽ വ്യാപാരി വ്യക്തമാക്കുന്നു.
ALSO READ: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറും അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ നിഷേധിച്ചുകൊണ്ടാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. താൻ ഒറ്റയ്ക്ക് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ശബരിമലയിലുള്ള ജീവനക്കാരെ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് തനിക്ക് ഉണ്ടായിരുന്നതെന്നുമാണ് പത്മകുമാറിൻ്റെ ഭാഗം.
അതിനിടെ കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആറാഴ്ചത്തെ സമയമാണ് അനുവദിച്ച് നൽകിയിരിക്കുന്നത്. ഈ മാസം 19ന് പ്രത്യേക അന്വേഷണ സംഘം അടുത്ത ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.