PM SHRI: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം
Kerala Withdraws from PM SHRI Scheme: കത്ത് അയക്കാൻ വൈകുന്നതിലുള്ള അതൃപ്തി സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചത്.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കത്ത് അയക്കാൻ വൈകുന്നതിലുള്ള അതൃപ്തി സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് വരുന്നതു വരെ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
സിപിഐയുടെ എതിർപ്പിനു മുന്നിൽ വഴിയില്ലാതെ വന്നതോടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പി.എം ശ്രീയിൽ നിന്ന് പിന്മാറാൻ സംസ്ഥാ സർക്കാർ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനവും എടുത്തു. എന്നാൽ ഇക്കാര്യം രണ്ടാഴ്ച കഴിഞ്ഞിട്ടും കേന്ദ്രത്തെ രേഖമൂലം അറിയിക്കാത്തത് സിപിഐയെ വീണ്ടും ചൊടിപ്പിച്ചു. ആ സാഹചര്യത്തിലാണ് കത്ത് അയച്ചത്.
Also Read:ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്ത് പി.എം.ശ്രീ ചര്‍ച്ചയാവും , മുന്നണിയിലെ അതൃപ്തി പുറത്തു വരും എന്നിവ കണക്കിലെടുത്താണ് ഇപ്പോള്‍ വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചത്.അതേസമയം മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ പി.എം.ശ്രീ ഒപ്പിട്ടത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.
പിഎംശ്രീ പദ്ധതിയിൽ ഒപ്പുവച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.