Kozhikode Honey Trap: തുണിയഴിപ്പിച്ച് ഫോട്ടോയെടുത്തു, ഭാര്യക്ക് അയക്കുമെന്ന് ഭീഷണി; ഹണിട്രാപ്പിൽ രണ്ടുപേർ പിടിയിൽ
Kozhikode Honey Trap Case: ജീപ്പുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തിൽ ആകെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായി പോലീസ് കരുതുന്ന റുബൈദയുടെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കിയ കേസിൽ രണ്ട് പേർ പിടിയിൽ. ഇയാളിൽ നിന്ന് 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ സംഭവത്തിലാണ് ചോമ്പാല പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മാഹി പള്ളൂരിലെ പാറാൽ പുതിയവീട്ടിൽ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരാണ് പിടിയിലായത്. വ്യവസായിയിൽ നിന്ന് അപഹരിച്ച ജീപ്പും കണ്ടെത്തിയിട്ടുണ്ട്.
ജീപ്പുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തിൽ ആകെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായി പോലീസ് കരുതുന്ന റുബൈദയുടെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ്. നേരത്തേയും റുബൈദ പരാതിക്കാരനെ വിളിച്ച് സാമ്പത്തികബുദ്ധിമുട്ട് അറിയിക്കുകയും പലപ്പോഴായി പണംവാങ്ങുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി 8.10-ഓടെയാണ് സംഭവം നടക്കുന്നത്. മുക്കാളിയിലെ തൻ്റെ പുതിയ വാടകവീട് കാണിക്കാനാണെന്ന വ്യാജേനയാണ് പരാതിക്കാരനെ വീട്ടിലെത്തിച്ചത്. അകത്ത് കയറിയ ഉടൻ മറ്റ് രണ്ട്പേർ അകത്തേക്ക് കയറുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പിന്നാലെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കുകയായിരുന്നു. ഇതിനുശേഷം പരാതിക്കാരന്റെ മുണ്ടഴിപ്പിച്ച്, ഇയാളെ റുബൈദയുമായി ചേർത്തുനിർത്തി ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.
പരാതിപ്പെട്ടാൽ ഫോട്ടോ ഭാര്യയുടെ ഫോണിലേക്ക് അയച്ചുനൽകുമെന്നും ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപയാണ് ഇയാളോട് ആവശ്യപ്പെട്ടത്. പണം തന്നശേഷം വണ്ടിതരാമെന്ന് പറഞ്ഞെങ്കിലും മറ്റ് മൂന്നുപേർക്കൊപ്പം ഇവർ വണ്ടിയുമായി കടന്നുകളഞ്ഞു. വണ്ടിയുടെ ഡാഷ്ബോർഡിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും പ്രതികൾ കൈക്കലാക്കി. പരാതിക്കാരനെ എടിഎം കാർഡിന്റെ പിൻനമ്പർ ചോദിച്ച് അജ്മൽ മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.