Monsoon Updates: ഇരിട്ടി പുഴയില്‍ ജലനിരപ്പുയര്‍ന്നു, കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം
Landslide Doubt in Karnataka Forest: വീടുകളിലേക്ക് വെള്ളം കയറുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടുപുഴ ഭാഗത്തുള്ള പുഴകളില്‍ ജലനിരപ്പ് ഉയരുന്നു.

മഴ
കണ്ണൂര്‍: കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. കണ്ണൂര്‍ ഇരിട്ടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. ഉളിക്കല്‍ വത്തൂര്‍ പാലം വെള്ളത്തില്‍ മുങ്ങിയതായാണ് വിവരം. ഇതോടെ ഉളിക്കല്‍-മണിപ്പാറ റൂട്ടിലെ ഗതാഗതം പൂര്‍ണമായും നിലച്ചു.
വീടുകളിലേക്ക് വെള്ളം കയറുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടുപുഴ ഭാഗത്തുള്ള പുഴകളില്‍ ജലനിരപ്പ് ഉയരുന്നു. അതിനാല്‍ പഴശി ബാരേജിലെ ഷട്ടറുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം കണക്കിലെടുത്ത് വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കര്‍ണാടക വനത്തില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായി സംശയിക്കുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഇരിട്ടി താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് ഇന്ന് ആകെ മൂന്ന് ജില്ലകള്‍ക്കാണ് പൂര്‍ണമായി അവധി പ്രഖ്യാപിച്ചത്. ഇടുക്കി, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.
അതേസമയം, കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. അവിടെ ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. വനത്തില്‍ നിന്നും വലിയ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പുന്നപ്പുഴയിലെ ഒഴുക്ക് ഭയാനകമാം വിധം തുടരുകയാണ്. 100 മില്ലിമീറ്റര്‍ വരെ മഴ മേഖലയില്‍ പെയ്തുവെന്നാണ് വിവരം.