Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നേക്കും; മൂവായിരത്തിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
Mullaperiyar dam likely to open tomorrow: ഏലപ്പാറ, അയ്യപ്പൻകോവിൽ, മഞ്ജുമല, ഉപ്പുതുറ, പെരിയാർ, ഉടുമ്പഞ്ചോല, കാഞ്ചിയാർ ആനവിലാസം എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റുന്നത്. 20ലേറെ ക്യാമ്പുകള്‍ ഇവര്‍ക്കായി സജ്ജമാക്കി

മുല്ലപ്പെരിയാർ അണക്കെട്ട്
പൈനാവ്: മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടി ആയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് മുമ്പ് 3220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍ദ്ദേശം നല്‍കിയിരുന്നു. 883 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ റവന്യു, പൊലീസ് അധികാരകള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഏലപ്പാറ, അയ്യപ്പൻകോവിൽ, മഞ്ജുമല, ഉപ്പുതുറ, പെരിയാർ, ഉടുമ്പഞ്ചോല, കാഞ്ചിയാർ ആനവിലാസം എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റുന്നത്. 20ലേറെ ക്യാമ്പുകള്‍ ഇവര്‍ക്കായി സജ്ജമാക്കി. ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ അത് പകല്‍ സമയത്തേ ചെയ്യാവൂവെന്ന് തമിഴ്‌നാടിനോട് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Read Also: Kerala Rain School Holiday: കനത്ത മഴയ്ക്ക് സാധ്യത; നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണി വരെയുള്ള കണക്കുകള്‍ പ്രകാരം ജലനിരപ്പ് 135.25 അടിയിലെത്തി. പൊതുജനങ്ങള്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.