Onam 2024: അത്തം മുറ്റത്തെത്തി…പൂവിളിയുണര്‍ന്നു; കേരളത്തില്‍ പൊന്നോണനാളുകള്‍

Onam Pookalam: അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസവും പൂക്കളമൊരുക്കുന്നതിന് ഓരോ രീതിയുണ്ട്. തുമ്പപ്പൂ കൊണ്ടാണ് അത്തംനാളില്‍ പൂക്കളം തീര്‍ക്കേണ്ടത്. അത്തം, ചിത്തിര എന്നീ ദിവസങ്ങളില്‍ രണ്ട് പൂക്കള്‍ ഉപയോഗിച്ച് മാത്രമാണ് പൂക്കളം ഇടേണ്ടത്.

Onam 2024: അത്തം മുറ്റത്തെത്തി...പൂവിളിയുണര്‍ന്നു; കേരളത്തില്‍ പൊന്നോണനാളുകള്‍
Updated On: 

06 Sep 2024 09:05 AM

മലയാളിയുടെ ദേശീയോത്സവത്തിന് തുടക്കം കുറിച്ച് അത്തം വന്നെത്തി. ഇന്നുമുതല്‍ മുറ്റത്ത് പൂക്കളം തീര്‍ത്ത് മലയാളി ഓണമാഘോഷിച്ച് തുടങ്ങും. അത്തത്തിന് തലേദിവസം മുതല്‍ തന്നെ പൂവില്‍പ്പനയും ഓണചന്തകളും ആരംഭിച്ചുകഴിഞ്ഞിരുന്നു. പൂവേ പൊലി പാടി കുട്ടികള്‍ പൂക്കള്‍ തേടി ഇറങ്ങുന്നത് ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടും. ഇനി സെപ്റ്റംബര്‍ 15ന് എത്തുന്ന തിരുവോണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാകും നാടെങ്ങും. ഓണനാളുകളിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം കൂടിയാണ് അത്തം. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ ഇന്നേദിവസം അത്തച്ചമയാഘോഷം നടക്കും.

കൊച്ചിരാജാവ് അത്തംനാളില്‍ ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം. പിന്നീട് 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി ലയനത്തോടെ അത്തച്ചമയം നിര്‍ത്തലാക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് വീണ്ടും അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ മതവിഭാഗക്കാരും ഒന്നിച്ച് ചേര്‍ന്ന് ആഘോഷിക്കുന്ന അത്തച്ചമയം വേറിട്ടൊരു കാഴ്ച തന്നെയാണ്.

Also Read: Onam 2024; ഇനി പൂക്കാലം, അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ

അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസവും പൂക്കളമൊരുക്കുന്നതിന് ഓരോ രീതിയുണ്ട്. തുമ്പപ്പൂ കൊണ്ടാണ് അത്തംനാളില്‍ പൂക്കളം തീര്‍ക്കേണ്ടത്. അത്തം, ചിത്തിര എന്നീ ദിവസങ്ങളില്‍ രണ്ട് പൂക്കള്‍ ഉപയോഗിച്ച് മാത്രമാണ് പൂക്കളം ഇടേണ്ടത്. എന്നാല്‍ മൂന്നാം നാള്‍ മുതല്‍ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ ഉപയോഗിക്കാം.

പൂക്കളം ഇടുന്നതെങ്ങനെ

നിലവിളക്ക് കൊളുത്തു ഗണപതിക്ക് വെച്ച ശേഷമാണ് ചാണകം മെഴുകിയ തറയില്‍ പൂക്കണം ഇടേണ്ടത്. തുമ്പപ്പൂവില്‍ തുടങ്ങണം. ആദ്യ രണ്ട് ദിവസം തുമ്പപ്പൂവും തുളസിയുമാണ് പൂക്കളത്തില്‍ ഉണ്ടാകേണ്ടത്. മൂന്നാം നാള്‍ മുതല്‍ വ്യത്യസ്ത പൂക്കള്‍ ഉപയോഗിക്കാം. അഞ്ചാം നാള്‍ മുതല്‍ കുട കുത്തും. വാഴപ്പിണ്ടിയോ വാഴത്തടിയോ ഉപയോഗിച്ചാണ് കുട കുത്തുന്നത്. ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റ് പൂക്കളും കോര്‍ത്ത് വെക്കുന്നതിനെയാണ് കുട കുത്തുക എന്ന് പറയുന്നത്.

പിന്നീട് ആറാം നാള്‍ മുതല്‍ പൂക്കളത്തിന് നാല് ദിക്കിലേക്കും കാല്‍ നീട്ടും. ഉത്രാടം നാളില്‍ വലിയ പൂക്കളം തീര്‍ക്കണം. ഈ ദിവസമാണ് മണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെക്കുന്നത്. ഉത്രാടത്തിന് വൈകീട്ട് പൂക്കളത്തിലെ പൂവെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ട് തറമെഴുകി തുമ്പക്കുടമോ അരകല്ലോ വെക്കും.

Also Read: Atham 2024 : അത്തം നാളിന് ഇത്തിരിപ്പൂ; പൂവിട്ട് തുടങ്ങാൻ…തുമ്പപ്പൂ

തിരുവോണം നാളില്‍ രാവിലെ നിലവിളക്ക് കൊളുത്തി അരിമാവില്‍ കൊഴുപ്പ് ലഭിക്കുന്ന ഇല പിഴിഞ്ഞ് കൈകൊണ്ട് കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളാണ് ഏറെയും വരയ്ക്കുക. പിന്നീട് പൂക്കളത്തില്‍ അട നിവേദിക്കും. പൂവാടയാണ് നിവേദിക്കുക. വൈകീട്ട് തേങ്ങാപ്പീരയും ശര്‍ക്കരയും തിരുമ്മി വീടിന്റെ നാല് ദിശകളില്‍ വെക്കും. ഉറുമ്പിനോണം എന്നതാണ് ഇതിന് പിന്നിലെ വിശ്വാസം.

ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലും പൂക്കളം തീര്‍ക്കുന്ന തിരക്കിലും നമ്മുടെ പ്രിയപ്പെട്ടവരെ കൂടി ചേര്‍ത്ത് പിടിക്കാം.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം