Onam Bumper 2025: ഭാഗ്യവതി നെട്ടൂരുണ്ട്, പക്ഷെ പേര് വെളിപ്പെടുത്തില്ല; ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കും
Onam Bumper 2025 Lottery Winner in Nettur: അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാം.

ഓണം ബമ്പര്‍
കൊച്ചി: ഓണം ബമ്പര്‍ 2025ന്റെ ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീ. തന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് അവര്‍ ലോട്ടറി ഏജന്റായ ലതീഷിനെ അറിയിച്ചു. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ബാങ്കില്‍ ഹാജരാക്കും.
അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാം. ലോട്ടറി അടിച്ച ആളുകളുടെ വീടുകളിടെ ദുരിതങ്ങള്‍ അറിഞ്ഞാണ് അവര്‍ ഈ തീരുമാനമെടുത്തത്. അവരൊരു സാധാരണ സ്ത്രീയാണ്, ലതീഷ് പറഞ്ഞു.
അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നു. അതില്‍ ഒരു ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെയാണ് സമ്മാനം ലഭിച്ചത്. വീട്ടുപണിയെടുത്താണ് അവര്‍ കഴിയുന്നത്. പൈസ കയ്യില്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ അവര്‍ക്ക് ധാരണ കുറവുണ്ടാകുമെന്നും ലതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read: Onam Bumper 2025: ബമ്പര്‍ നേടിയത് നെട്ടൂര്‍ സ്വദേശി; ലതീഷിന്റെ സുഹൃത്തിന് ടിക്കറ്റ് കാണിച്ചുകൊടുത്തു
നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. TH 577825 നമ്പറിനാണ് ഇത്തവണ 25 കോടി. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ലതീഷിന് ലോട്ടറി കമ്മീഷനായി രണ്ടരക്കോടി രൂപ ലഭിക്കും.