PK Sasi: കൊച്ചി പഴയ കൊച്ചിയല്ല ! സിപിഎമ്മിനെതിരെ ഒളിയമ്പുമായി പികെ ശശി, യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വേദിയില്‍
PK Sasi indirectly criticizes CPM leaders: യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ ശശി പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ ശശി പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്
മണ്ണാര്‍ക്കാട്: നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശി. താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് ബേജാറെന്നും, തന്നെ എന്തിനാണ് ഭയക്കുന്നതെന്നും ശശി ചോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജനപ്രതിനിധികളായ പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, വികെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശശി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചത്.
മണ്ണാര്‍ക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പം എന്നുമുണ്ടാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലുണ്ടാകും. അത് ആര്‍ക്കും തടയാനാകില്ല. കൊച്ചി പഴയ കൊച്ചിയല്ലെന്നും, എന്നാല്‍ ബിലാല്‍ പഴയ ബിലാലാണെന്നും പറഞ്ഞാണ് ശശി പ്രസംഗം അവസാനിപ്പിച്ചത്. സിപിഎം കൗണ്‍സിലര്‍ അടക്കം വേദിയിലുള്ളപ്പോഴായിരുന്നു ശശിയുടെ ഈ പരാമര്‍ശം.
അഴിമതി തുറന്നു കാണിക്കണം. പക്ഷേ, വിരോധം മൂലം അഴിമതി ആരോപിക്കരുത്. അത് തെളിയിക്കാനാകണം. അഴിമതി ഉന്നയിക്കുന്നയാള്‍ പരിശുദ്ധനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. മാലിന്യക്കൂമ്പാരത്തില്‍ മുങ്ങിനിന്നിട്ട് കരയ്ക്കു നില്‍ക്കുന്നയാളുടെ കുപ്പായത്തില്‍ ചെളിയുണ്ടെന്നും കഴുകിക്കളയണമെന്നും പറയുന്നത് മ്ലേചമാണെന്നും ശശി പറഞ്ഞു.




യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ ശശി പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ ശശി പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. കെടിഡിസി ചെയര്‍മാന്‍ എന്ന നിലയിലാണ് ശശിയെ ക്ഷണിച്ചതെന്നാണ് നഗരസഭ ചെയര്‍മാന്‍ പറയുന്നത്. ഏറെ നാളായി പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി ശശി ശീതയുദ്ധത്തിലാണ്. അച്ചടക്കനടപടിയുടെ ഭാഗമായി അദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.